Monday, April 4, 2011

ഒരു ഇല്ലാക്കഥ...

എന്‍റെ സങ്കല്‍പ്പരാജ്യത്തെ രാജ്ഞി
സഹജര്‍ കല്‍പ്പിച്ചു തന്നൊരു രാജകുമാരി
പ്രണയമെന്നൊരു മിഥ്യാസരസ്സ്
അതില്‍ നീന്തിതുടിക്കുന്ന ഹംസം...

സീത മോഹിച്ച മായാഹിരണം
ദേവലോകത്തെ അപ്സരകന്ന്യ
പുഞ്ചിരി ചെമ്പകപ്പൂ പോല്‍ ,അവള്‍
മൊഴിയുമ്പോള്‍ പൊഴിയുന്നു പവിഴം
എന്‍റെ സ്വപ്‌നങ്ങള്‍ വര്‍ണാഭമാക്കി ചമച്ചുകൊണ്ട-
വളെന്‍റെ ഹൃത്തില്‍ കരേറി കഴിഞ്ഞുപോയ്‌
മായാത്ത മുഖപടം ഓര്‍ത്തെന്‍റെ നെഞ്ചകം
ആര്‍ദ്രമായ്‌ അനുരാഗവിവശമായ് തീര്‍ന്നുപോയ്
അവളെ ദര്‍ശിക്കുവാന്‍ സായൂജ്യമടയുവാന്‍
ദാഹിച്ചു കേഴുന്ന വേഴാമ്പല്‍ ഇന്ന് ഞാന്‍
അകലെയായ് അവളെന്‍റെ കാഴ്ചയില്‍ തെളിയുമ്പോള്‍
അറിയാതെ സര്‍വ്വം മറന്നു പോകുന്നു ഞാന്‍
അവളെവിടെ അവളെവിടെ ഉന്മാദചിത്തനായ്
തിരയുന്നു ഞാനിന്നു ഭുവനം മുഴുക്കെയും..
അവളെന്നെ അറിയുമോ എന്നെ തലോടുമോ?
ആകാംഷ പൂണ്ടു ഞാനാകെ വിഷണ്ണനായ്
ഒടുവിലാ പ്രണയദിനമിങ്ങടുത്തതാ
എന്നുടെ കാത്തിരുപ്പിന്നിന്നറുതിയായ്
ഒടുവില്‍ അണഞ്ഞവള്‍ ഹാരസമേതയായ്
എന്‍ നേര്‍ക്ക്‌ അന്നനട പൂകി അടുത്തവള്‍
ഏറിയ മോദമെന്‍ മനസ്സെന്ന കടലതില്‍
അലയായി തിരയായി ആടിതിമിര്‍ത്തതാ
പ്രതീക്ഷയെ തച്ചുടച്ചവളന്നു പിന്നെയും
ദൂരേക്ക്‌ ദൂരേക്ക്‌ മാഞ്ഞുപോയ് മേഘമായ്
സഹതപിച്ചീടുന്ന സഹജരെ നോക്കി ഞാന്‍
ഒരു നറുപുഞ്ചിരി തൂകി നിന്നീടവേ
സര്‍വ്വവും നന്മക്കു വേണ്ടിയാണെന്നുള്ള
തോന്നലെന്‍ ഹൃത്തിനെ ശാന്തമായ് തീര്‍ത്തിതാ
എവിടെ പുലര്‍ന്നാലും ആരെ വരിച്ചാലും
സഖി നിനക്കായി ഞാന്‍ മംഗളം നേരുന്നു...

അവളെ ഞാന്‍ നേരിട്ട് കണ്ടതില്ലാ
മധുരമാം മോഴിയൊട്ടു കേട്ടതില്ലാ
സങ്കല്‍പ്പലോകത്ത് വിഹരിക്കുമവളെന്‍റെ
ഹൃത്തെന്ന ചെപ്പില്‍ ചമഞ്ഞിരിപ്പൂ..
ദുഖങ്ങളൊരുപാട് തീര്‍ത്തുതന്നോള്‍
എന്‍റെ ഹൃത്തിന്നു ധന്യതാപൂര്‍ത്തി തന്നോള്‍
അമൃതവര്‍ഷിണി തന്നില്‍ അധരത്തിലുതിരുന്നു
കോകില വാണി പോല്‍ ഗീതകങ്ങള്‍

No comments:

Post a Comment