Saturday, April 9, 2011

കവിയും കവിതയും...

കവിത;
കവിയുടെ നിതാന്ത കാമുകി..
കവിത;
കവിയുടെ കനവിലും നിനവിലും
നൃത്തം ചവിട്ടുവോള്‍...
കവിത;
അവള്‍ കവിയുടെ ഹൃത്തിലും ചിത്തിലും
മദ്ദളം കൊട്ടുന്നു..
കവിത;
കവിയുടെ നെഞ്ചിലും ശംഖിലും
തീര്‍ത്ഥമായ് നിറയുവോള്‍...
കവിത;
മഞ്ഞിലും മഴയിലും കവിയോടു
സല്ലപിക്കുവോള്‍.....
കവിത;
മണ്ണിലും വിണ്ണിലും കവിയുടെ
സഹാചാരിയായവള്‍.....
കവിത;
ഇരവിലും പകലിലും സദാ കവിക്ക്‌
കൂട്ടിരിപ്പോള്‍....

ചിന്തവൈപരീത്ത്യം

തിരഞ്ഞെടുപ്പ് തിമിര്‍ക്കുന്നു
വര്‍ധിച്ച മോഹത്തോടെ
ഏറും പ്രതീക്ഷയോടെ
ജനം നേതാവിനെ
തിരഞ്ഞെടുത്തീടുന്നു..
അയാള്‍ പറഞ്ഞത്രേ;
നിനക്കന്നം തരാം..
ഭവനം തരാം...
മന്ത്രിയായീടുകില്‍
നേതാവിന്നാത്മഗതം;
"എന്നുടെ വീടൊന്നു
മോടി കൂട്ടീടണം....."

എലിവിഷം..

മൂഷികന്‍‌ മനുജനു ശല്യമായീടുകില്‍
എലിവിഷം തന്നതിനുത്തമമുത്തരം
സ്വൈരവിഹാരം നടത്തുന്ന മൂഷികര്‍
ജീവന്‍ പിടച്ചു വെടിയുന്ന കാഴ്ചകള്‍
നന്മയെ കണ്‍കെട്ടി തിന്മയെ പോഷണം
ചെയ്തിടും മര്‍ത്ത്യരെ ആസ്വദിച്ചീടുക..
ശക്തരശക്തരെ നിഗ്രഹം ചെയ്തിടല്‍
കാടിന്‍റെ നിയമമെന്നറിയുക കാടരേ!!...

മുത്തശ്ശീ കഥ....



ഉണ്ണിയ്ക്ക് കഥ കേള്‍ക്കാന്‍ ഇഷ്ടമായിരുന്നു;
മുത്തശ്ശി അവനു കഥ പറഞ്ഞു കൊടുത്തു.
രാജകുമാരിയുടെ കഥ,
ദേവന്മാരുടെ കഥ,
ആനയുടെ കഥ,
പോത്തിന്‍ പുറത്തേറി വരും
കാലന്‍റെ കഥ.
അപ്പോള്‍ പുറകിലൊരു ശബ്ദം കേട്ട്
ഉണ്ണി തിരിഞ്ഞു നോക്കി.
പോത്തിന്‍ പുറത്തു ഒരു ഗദാധാരി,
ഇരിക്കുന്നതായി അവനു തോന്നി.
അവന്‍ വിളിച്ചു പറഞ്ഞു;
മുത്തശ്ശീ....കാലന്‍......
അപ്പോള്‍ മുത്തശ്ശി പുഞ്ചിരിച്ചു..
പിറ്റേന്ന് വെള്ളത്തുണിയില്‍ പൊതിഞ്ഞ്
ഉമ്മറത്ത്‌ കിടത്തിയപ്പോഴും
മുത്തശ്ശിയുടെ മുഖത്ത്
ആ പുഞ്ചിരി ഉണ്ടായിരുന്നു.
ചലനമറ്റു കിടക്കുന്ന അവരുടെ കൈ
പിടിച്ചു കുലുക്കി ഉണ്ണി പറഞ്ഞു;
"മുത്തശ്ശീ...നിക്ക് കഥ കേള്‍ക്കണം..."
അപ്പോള്‍ ഒരു ശബ്ദം...
തെക്കേപ്പറമ്പില്‍ മുത്തശ്ശി
ഓമനിച്ചു വളര്‍ത്തിയ
ചക്കരമാവു മറിഞ്ഞതാവാം,
മുത്തശ്ശിയോടൊപ്പം
എരിഞ്ഞു തീരാന്‍.....
അച്ഛന്‍ വലിച്ചു മാറ്റുമ്പോഴും
ഉണ്ണി അലറിക്കൊണ്ടേ ഇരുന്നു;
"മുത്തശ്ശീ കഥ......."

Monday, April 4, 2011

നാറാണത്തു ഭ്രാന്തന്‍...

ഈ തല തിരിഞ്ഞ ലോകത്തില്‍
തല കുനിഞ്ഞ ജനത്തിന് നേരെ
തല തിരിച്ചു നടക്കാന്‍
എനിക്ക് ആവതില്ലായിരുന്നു...
കാരണം ഞാന്‍ ഒരു മനുഷ്യന്‍..
മനനം ചെയ്യുന്നവന്‍...
പ്രതികരണ ശേഷിയുള്ളവന്‍...
ഞാന്‍ അവരെ ശാസിച്ചു...
അപ്പോള്‍ അവര്‍ എന്നെ വിളിച്ചു...
നാറാണത്തു ഭ്രാന്തന്‍...
ഞാന്‍ തിരുത്തിയില്ല....
ഒരു പേരില്‍ എന്തിരിക്കുന്നു?

ഭ്രമം...

എവിടെയും കാണാം ഭ്രമത്തെ നമുക്കിന്ന്
മര്‍ത്യരില്‍ കാണാം ഭ്രമത്തെ
പ്രകൃതിയില്‍ കാണാം ഭ്രമത്തെ യോഗി തന്‍
ഹൃത്തിലും കാണാം ഭ്രമത്തെ
കാറ്റില്‍ മണക്കാം ഭ്രമത്തെ ഇടവ
മഴയിലും നനയാം ഭ്രമത്തെ
വൃക്ഷ കാണ്ഡത്തിലൂറും ഭ്രമത്തെ പൈങ്കിളി
ചിറകില്‍ പൊതിഞ്ഞ ഭ്രമത്തെ
നാട്ടില്‍ തിളക്കും ഭ്രമത്തെ കൊടും
കാട്ടില്‍ ഒളിക്കും ഭ്രമത്തെ
പുഴയില്‍ പുളയ്ക്കും ഭ്രമത്തെ കടല്‍
ആഴിയില്‍ മുങ്ങും ഭ്രമത്തെ
മനസ്സിലൂറുന്ന പ്രണയ ഭ്രമത്തെ
ശിരസ്സിലമരുന്ന പദവി ഭ്രമത്തെ
മര്‍ത്യന്‍ ഭ്രമിക്കുന്നു...
ദേവന്‍ ഭ്രമിക്കുന്നു...
കാറ്റും ഭ്രമിക്കുന്നു...
മഴയും ഭ്രമിക്കുന്നു...
മണ്ണും ഭ്രമിക്കുന്നു...
വിണ്ണും ഭ്രമിക്കുന്നു...
സര്‍വം ഭ്രമിക്കുന്നു...
നീയും ഭ്രമിക്കുന്നു...
ഞാനും ഭ്രമിക്കുന്നിതാ....
അന്ധമാം ലോകം...ഭ്രമമയം ലോകം
സത്യമതകലേയ്ക്ക് മായുന്ന ലോകം..
ഭ്രമമത് നീരാളിയായി തിമിര്‍ക്കുന്നിതാ....

ഒരു ഇല്ലാക്കഥ...

എന്‍റെ സങ്കല്‍പ്പരാജ്യത്തെ രാജ്ഞി
സഹജര്‍ കല്‍പ്പിച്ചു തന്നൊരു രാജകുമാരി
പ്രണയമെന്നൊരു മിഥ്യാസരസ്സ്
അതില്‍ നീന്തിതുടിക്കുന്ന ഹംസം...

സീത മോഹിച്ച മായാഹിരണം
ദേവലോകത്തെ അപ്സരകന്ന്യ
പുഞ്ചിരി ചെമ്പകപ്പൂ പോല്‍ ,അവള്‍
മൊഴിയുമ്പോള്‍ പൊഴിയുന്നു പവിഴം
എന്‍റെ സ്വപ്‌നങ്ങള്‍ വര്‍ണാഭമാക്കി ചമച്ചുകൊണ്ട-
വളെന്‍റെ ഹൃത്തില്‍ കരേറി കഴിഞ്ഞുപോയ്‌
മായാത്ത മുഖപടം ഓര്‍ത്തെന്‍റെ നെഞ്ചകം
ആര്‍ദ്രമായ്‌ അനുരാഗവിവശമായ് തീര്‍ന്നുപോയ്
അവളെ ദര്‍ശിക്കുവാന്‍ സായൂജ്യമടയുവാന്‍
ദാഹിച്ചു കേഴുന്ന വേഴാമ്പല്‍ ഇന്ന് ഞാന്‍
അകലെയായ് അവളെന്‍റെ കാഴ്ചയില്‍ തെളിയുമ്പോള്‍
അറിയാതെ സര്‍വ്വം മറന്നു പോകുന്നു ഞാന്‍
അവളെവിടെ അവളെവിടെ ഉന്മാദചിത്തനായ്
തിരയുന്നു ഞാനിന്നു ഭുവനം മുഴുക്കെയും..
അവളെന്നെ അറിയുമോ എന്നെ തലോടുമോ?
ആകാംഷ പൂണ്ടു ഞാനാകെ വിഷണ്ണനായ്
ഒടുവിലാ പ്രണയദിനമിങ്ങടുത്തതാ
എന്നുടെ കാത്തിരുപ്പിന്നിന്നറുതിയായ്
ഒടുവില്‍ അണഞ്ഞവള്‍ ഹാരസമേതയായ്
എന്‍ നേര്‍ക്ക്‌ അന്നനട പൂകി അടുത്തവള്‍
ഏറിയ മോദമെന്‍ മനസ്സെന്ന കടലതില്‍
അലയായി തിരയായി ആടിതിമിര്‍ത്തതാ
പ്രതീക്ഷയെ തച്ചുടച്ചവളന്നു പിന്നെയും
ദൂരേക്ക്‌ ദൂരേക്ക്‌ മാഞ്ഞുപോയ് മേഘമായ്
സഹതപിച്ചീടുന്ന സഹജരെ നോക്കി ഞാന്‍
ഒരു നറുപുഞ്ചിരി തൂകി നിന്നീടവേ
സര്‍വ്വവും നന്മക്കു വേണ്ടിയാണെന്നുള്ള
തോന്നലെന്‍ ഹൃത്തിനെ ശാന്തമായ് തീര്‍ത്തിതാ
എവിടെ പുലര്‍ന്നാലും ആരെ വരിച്ചാലും
സഖി നിനക്കായി ഞാന്‍ മംഗളം നേരുന്നു...

അവളെ ഞാന്‍ നേരിട്ട് കണ്ടതില്ലാ
മധുരമാം മോഴിയൊട്ടു കേട്ടതില്ലാ
സങ്കല്‍പ്പലോകത്ത് വിഹരിക്കുമവളെന്‍റെ
ഹൃത്തെന്ന ചെപ്പില്‍ ചമഞ്ഞിരിപ്പൂ..
ദുഖങ്ങളൊരുപാട് തീര്‍ത്തുതന്നോള്‍
എന്‍റെ ഹൃത്തിന്നു ധന്യതാപൂര്‍ത്തി തന്നോള്‍
അമൃതവര്‍ഷിണി തന്നില്‍ അധരത്തിലുതിരുന്നു
കോകില വാണി പോല്‍ ഗീതകങ്ങള്‍

ഹാസ്യം....

പ്രചരണം നടക്കുന്നു
തകൃതിയായ്
തിരഞ്ഞെടുക്കട്ടെ ജനം
അവരുടെ രാജനെ
നാടിനെ നന്മയിലേക്ക്
നയിക്കുവാന്‍
ധര്‍മ്മം പുലര്‍ത്തുവാന്‍
നന്മ നിറക്കുവാന്‍
കെല്‍പ്പുള്ള രാജനെ...
പ്രകടനപത്രിക
മുന്നോട്ടു വക്കവേ
സ്ഥാനാര്‍ത്ഥി വര്‍ഗ്ഗവും
വോട്ടു പിടിക്കുവാന്‍
ഓടിനടക്കുന്ന
മൂര്‍ഖരാം അണികളും
മാത്സര്യബുദ്ധിയാല്‍
യുദ്ധം നടത്തവേ...
ആരോ ചിരിക്കുന്നു?
ഇതെന്തു ലോകം....
ഇതെന്തു ഭുവനം??
ഇത് താന്‍ ഹാസ്യം...
വലിയൊരു ഹാസ്യം....

ഏകാന്തപഥികന്‍ ...

നന്മ വിതയ്ക്കുവാന്‍
ഒറ്റയ്ക്ക് നീങ്ങിയോന്‍...
തിന്മയെ നന്മയാല്‍
എതിരിട്ട യാത്രികന്‍....
ഒടുവില്‍ തിന്മയുടെ
കരാള ഹസ്തങ്ങളാല്‍
ക്രൂശില്‍ കരേറിയോന്‍....
അവന്‍ ദൈവപുത്രന്‍...
മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍
മണ്ണില്‍ സ്നേഹം വിടര്‍ത്തിയോന്‍
മന്നില്‍ ത്യാഗം പുലര്‍ത്തിയോന്‍...
അവന്‍ യേശുദേവന്‍...
അവന്‍ ദൈവപുത്രന്‍...
അവന്‍ ഏകാന്തപഥികന്‍.....

എന്‍റെ കവിത...

ഞാന്‍ എല്ലാം വിളിച്ചുപറഞ്ഞു...
ഈ ലോകത്തോട്‌...
സഭാകമ്പമില്ലാതെ...
ഉള്ളില്‍ ഒതുക്കിയ വ്യഥകളെ....
തിങ്ങി നിറച്ച ആശയങ്ങളെ...
മോഹവും ദുഃഖവും
കണ്ണുനീര്‍ത്തുള്ളിയും;
സ്നേഹവും വര്‍ണവും
സൌന്ദര്യദീപ്തിയും..
പ്രണയവും ഗാനവും...
സങ്കല്‍പ്പ സൌധവും....
കവിതയിലൂടെ ഞാന്‍
പാടിപ്പറയട്ടെ....
കവിതകളായി ഞാന്‍
ചൊല്ലി നടക്കട്ടെ.....