Wednesday, November 30, 2011

ഇത്രയേ ഉള്ളൂ ജീവിതം..

ഒരു ചെറിയ കഥ...എന്‍റെ ഹോസ്റ്റലിന്‍റെ മട്ടുപ്പാവിലെ രാത്രിയിലെ ഫോണ്‍വിളിക്കാര്‍ക്ക് സമര്‍പ്പിക്കുന്നു....ആദ്യത്തെ ഉദ്യമമാണ് ഒരു കഥ എഴുതല്‍..തെറ്റുകള്‍ ക്ഷമിക്കുക....

----------------------------------------------------
ഉണ്ണി പിന്നെയും മുന്നോട്ടു നടന്നുകൊണ്ടേ ഇരുന്നു....
നേരം ഇരുട്ടിയിരുന്നു...പക്ഷികള്‍ കലപിലെ ചിലച്ചു കൊണ്ട് അവരവരുടെ കൂട്ടില്‍ ചേക്കേറാനുള്ള ബദ്ധപ്പാടിലായിരുന്നു....
കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നവര്‍..
ശനിയാഴ്ച ആയത് കൊണ്ട് പലര്‍ക്കും കാശ് മുഴുക്കെ കിട്ടിയിട്ടുണ്ട്...
ആ ഗ്രാമപ്രദേശത്ത് മിക്കവരുടെയും ജീവിതമാര്ഗങ്ങള്‍ ഇവയൊക്കെ തന്നെയാണ്...ചിലര്‍ക്ക് കൂലിപ്പണി..മറ്റു ചിലര്‍ കാലത്തിനൊത്ത് കോലം മാറാന്‍ മിനക്കിടാതെ കൃഷിയെ ആശ്രയിക്കുന്നു.."മണ്ണ് ചതിക്കില്ല" എന്നതൊക്കെ പഴമൊഴി മാത്രമായെന്ന് ഇപ്പഴും വിശ്വസിക്കാത്ത ഒരു പറ്റം ആളുകള്‍..പലരും നന്നായി മിനുങ്ങിയിട്ടുണ്ട്..എന്നാലും മക്കള്‍ക്ക്‌ കൊടുക്കാന്‍ കക്ഷത്ത്‌ ഓരോ കടലാസുപൊതികള്‍ ഒതുക്കി വച്ചിട്ടുണ്ട്..പരിപ്പുവടയോ പഴംപോരിയോ അങ്ങനെ എന്തോ???....
തുച്ഛമായ വരുമാനമാണ് അവര്‍ക്കൊക്കെ എങ്കിലും അവരൊക്കെ സന്തുഷ്ടരാണ്...സംതൃപ്തരാണ്...
അതില്‍ ഉണ്ണിയെ പരിചയമുള്ള ചിലരൊക്കെ അവനെ നോക്കി പുഞ്ചിരിക്കുന്നു..മറ്റു ചിലര്‍ കുശലം ചോദിക്കുന്നു...
ഉണ്ണിയുടെ മനസ്സ് വര്‍ഷകാലത്ത് കുലംകുത്തി ഒഴുകുന്ന കബനിയെപ്പോലെ ആകെ കലങ്ങി മറഞ്ഞിരുന്നു...ജീവിതത്തില്‍ അന്നെ വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശൂന്യതയായിരുന്നു അത്...
പ്രണയം സുഖമാണ് മധുരമാണ് എന്നൊക്കെ പറഞ്ഞു കേട്ടു..
പ്രണയിക്കേണ്ട നല്ലകാലം വെറുതെ പോയി..അധൈര്യം പ്രണയം പറയാന്‍ സമ്മതിച്ചില്ല...ധൈര്യം എത്തിയപ്പോഴേക്കും പ്രണയിനിക്കായി പഞ്ഞം..ഒടുവില്‍ ആളെ കണ്ടെത്തി...ബന്ധം കീറി മുറിച്ചു മനസ്സാക്ഷി എന്നാ സര്‍ജന്‍ "പ്രണയം" സ്ഥിതീകരിച്ചു..പിന്നെ പ്രണയിക്കാന്‍ സമയം പോരാത്തതായി അടുത്ത പ്രശ്നം...പിന്നീട് ഒരു ഓടിപ്പാച്ചിലായിരുന്നു...
പ്രണയിച്ചു പ്രണയിച്ചു മത്തുപിടിച്ചു...കള്ളം എന്തെന്നറിയാത്തവനായിരുന്നു ഉണ്ണി...അത് കൊണ്ട് തന്നെ ഉണ്ണിയുടെ പ്രണയം ആത്മാര്‍ത്ഥമായിരുന്നു...ഒരു കാട്ടുചോലയിലെ തെളിനീരിനെക്കാള്‍ നിര്‍മ്മലം...അങ്ങനെ ഋതുഭേദങ്ങളും കാലചക്രത്തിന്‍റെ കറക്കവും ഒന്നും അറിയാതെ അവരുടെ പ്രണയരഥം കുറേക്കാലം മുന്നോട്ടു പാഞ്ഞു...ആധുനികകാലത്തിലെ പ്രണയത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരുപാധി ആയി തീര്‍ന്നിട്ടുണ്ടല്ലോ മൊബൈല്‍ഫോണ്‍..മുന്‍പ് നീലനിലാവിന്‍റെ സൌന്ദര്യം കണ്ടും കവിതകള്‍ എഴുതിയും തീര്‍ത്ത ഉണ്ണിയുടെ രാത്രികള്‍ മൊബൈലില്‍ കുശുകുശുത്തു പോയി....ഉണ്ണി കവിതകള്‍ എഴുതാതായി...എഴുതാന്‍ പേനയെടുത്താല്‍ ആകെ "കാമുകിയുടെ പേര് മാത്രം".... ഉണ്ണി ചിന്തിക്കാന്‍ മറന്നു..ഉണ്ണാന്‍ മറന്നു..ഭാവനയെ കൊന്നു...ഒരായിരം തവണ ചര്‍ദ്ദിച്ചു മടുത്ത മധുരവാക്കുകള്‍ വീണ്ടും വീണ്ടും ഫോണിലൂടെ ചവച്ചുതുപ്പിക്കൊണ്ടേ ഇരുന്നു...പെട്ടെന്ന് ഒരു ദിവസം അത് സംഭവിച്ചു..
അവള്‍ ഉണ്ണിയ്ക്ക് ഒരു മൊബൈല്‍സന്ദേശം അയച്ചു.. "എന്‍റെ കല്യാണം ഉറപ്പിച്ചു..നീ എന്നെ സഹോദരിയായി കാണണം.."..ഉണ്ണി വിതുമ്പിപ്പോയി.."ഉള്ളില്‍ മധുരസ്വപ്‌നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ നൂറുകണക്കിന് നിലകളുള്ള പ്രണയസൌധം ഒറ്റനിമിഷം കൊണ്ട് തകര്‍ന്നു നിലംപൊത്തി..."ഇതാണോ സ്ത്രീ??കാളിദാസനും കുമാരനാശാനും ഇത്രകണ്ട് പുകഴ്ത്തിയ സ്ത്രീസങ്കല്‍പ്പം??..
ഉണ്ണിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരായ്‌ ഒഴുകി..ഇനി ഈ ജീവിതം അസഹ്യം..അവള്‍ തന്‍റെ ഒരു ഭാഗം തന്നെ ആയിരുന്നില്ലേ??..
വികലമായ മനസ്സുമായ്‌ ഒരു ജീവിതം...അത് വയ്യ...ഉണ്ണി നടന്നു നടന്ന് മഞ്ചാടിമലയുടെ ഉച്ചിയില്‍ എത്തിയിരുന്നു...താഴേക്കു നോക്കി..ഒന്നും കാണാന്‍ വയ്യ കൂരാക്കൂരിരുട്ട്...ഒറ്റച്ചാട്ടം..ഒക്കെ അവസാനിക്കും..അവള്‍ സുഖമായി ജീവിക്കട്ടെ...ചാടാന്‍ കാലുയര്‍ത്തവേ ഉണ്ണിയുടെ മൊബൈല്‍ ചിലച്ചു...ഒരു സന്ദേശം...ഉണ്ണി ശപിച്ചു കൊണ്ട് തുറന്നു നോക്കി..ഇത് മറ്റൊരുവള്‍..."ഐ ലവ് യൂ.." എന്ന് മാത്രം..ഉണ്ണിയുടെ മനസ്സില്‍ വീണ്ടും ചിത്രശലഭങ്ങള്‍ പാറിപ്പറന്നു...ദേവസംഗീതത്തിന്‍റെ ഈണങ്ങള്‍ ഉയര്‍ന്നു"..ഉണ്ണി പതിയെ അവളുടെ നമ്പറിലേക്ക് വിളിച്ചു..മറുവശത്തു കിളിനാദം..പണ്ട് പറഞ്ഞു മടുത്ത പ്രണയവാചകങ്ങള്‍ യാതൊരു അക്ഷരത്തെറ്റും കൂടാതെ ലവലേശം ജാള്യത ഇല്ലാതെ മധുരമായി ഫോണിലൂടെ മൊഴിഞ്ഞു മെല്ലെ കുന്നിറങ്ങി തുടങ്ങി...ഇത്രയേ ഉള്ളൂ ജീവിതം....

-ശ്യാം മോഹന്‍ നിരവില്‍പ്പുഴ

നിന്നെ ഞാന്‍ അറിയുന്നു...

ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്ക്...
.
.

നിന്നെ ഞാന്‍ അറിയുന്നു...
--------------------------------------

നീ,
എന്‍റെ ഹൃദയമാണ്;
നീ
മൂര്‍ദ്ധാവില്‍ തന്ന ചുംബനങ്ങള്‍
എന്‍റെ മനസ്സിനെ നനച്ചിരുന്നു
വാത്സല്യത്തിന്‍റെ ഈര്‍പ്പം
നിറച്ചിരുന്നു
നീ കാതില്‍ ഇമ്പത്തിലോതിയ
താരാട്ടുപാട്ടുകള്‍ കേട്ടു ഞാനുറങ്ങി

നീ,
ഒരു തണല്‍വൃക്ഷമാണ്;
എന്‍റെ തളര്‍ച്ചയില്‍
നീ എനിക്ക് കുടയായി
ദശാസന്ധികളില്‍ ഞാന്‍
നിന്നിലഭയം തേടി
എന്‍റെ സുഖങ്ങളില്‍
നിന്നെ ഞാന്‍ ഓര്‍ത്തതേ ഇല്ല;
പക്ഷേ അഭായത്തിന്‍റെ തണല്‍ വിരിച്ച്
നീ എന്നെ നോറ്റിരുന്നു

നീ,
ഞാന്‍ എഴുതാന്‍ മറന്ന കവിതയാണ്;
നനയാന്‍ മറന്ന സ്നേഹമഴയാണ്;
ചൂടാന്‍ മറന്ന തുളസിക്കതിരാണ്;
കാണാന്‍ മറന്ന പകല്‍ക്കിനാവാണ്;
അജ്ഞതയാല്‍ തിരസ്കരിച്ച സ്വര്‍ഗ്ഗമാണ്;

അമ്മേ,
നീ പെയ്യാന്‍ വെമ്പും മഴമേഘമായ്
എന്നുള്ളില്‍ ഘനീഭവിച്ചു കിടക്കുന്നു.
നിന്‍റെ വിയര്‍പ്പുകൊണ്ടലക്കിയ
വസ്ത്രങ്ങളുടെ ശുഭ്രതയില്‍
ഞാന്‍ പാറിപ്പറന്നു.
നിന്‍റെയുള്ളിലെ നൊമ്പരങ്ങള്‍
നീ ചെറുപുഞ്ചിരിയാല്‍ മറച്ചു.

അമ്മേ,
നിന്നെ ഞാന്‍ അറിഞ്ഞതേ ഇല്ല.
നീ ടെലിപ്പതി ശീലിച്ചിരുന്നില്ല;
പക്ഷേ കാലത്തെ ചുടുകാപ്പിയായ്
തീന്‍മേശയിലെ ആവിപാറും ദോശയായ്‌
നീ എന്‍റെ മനസ്സു വായിച്ചു.
ഇന്ന് നീ കൊഴിഞ്ഞബാല്ല്യത്തിന്‍ സ്മാരകശിലയായ്‌
നഷ്ടബോധത്തിന്‍ മയില്‍പ്പീലിതുണ്ടായ്‌
മനസ്സിന്‍റെ താളില്‍ ഒളിച്ചിരിക്കുന്നു..

അമ്മേ,
ഇന്ന് സന്തോഷത്തിനായ്‌
ഞാനെന്‍റെ മനസ്സ് ചിക്കിചികയുന്നു;
നിന്‍റെ ചുംബനത്തിന്‍റെ നനവില്‍
ഞാനലിയുന്നു;
അമ്മേ,നിന്നെ ഞാന്‍ അറിയുന്നു;
ഞാന്‍ കണ്ണുനീരിനാല്‍,
നിന്‍റെ പാദങ്ങള്‍ കഴുകുന്നു..
ഒരു തുണ്ടു കടലാസ്സില്‍
നീയൊരു കവിതയായ്‌ വിരിയുന്നു;
അമ്മേ, നിന്നെ കുറിച്ചു ഞാന്‍
മുഗ്ദ്ധമായ്‌ പാടുന്നു..