Tuesday, June 26, 2012

ഒരു കുഞ്ഞുനൊമ്പരം

"കേട്ടോ ശാരദേ ഇപ്പൊ വേണുവിന്‍റെ കോള്‍ ഉണ്ടായിരുന്നു ദുബായീന്ന്..അപ്പു ഇന്ന് വര്വത്രേ.അവനു കുറച്ചു ദിവസം നമ്മടെ കൂടെ വന്നു നിക്കണം എന്നൊരാശ.ഞാന്‍ പറഞ്ഞു വേഗം പോന്നോട്ടെന്ന്." കേശവന്‍ നമ്പൂതിരി ഓടിക്കിതച്ച് പൂമുഘത്തു കേറി വിളിച്ചു കൂവി. "ആ ഇദാപ്പോ നന്നായെ ന്താന്‍റെ കേശവേട്ടാ ഈ പറേണേ അവന്‍ കൊച്ചു കുട്ട്യല്ലേ..അവനു ഒറ്റയ്ക്ക് ഇത്രേടം വരാനാവ്വോ??അവനെ ഇവിടെ കൊണ്ടാക്ക്വാ ന്നുവച്ചാ വേണൂന് ഇപ്പൊ ഒഴിവൂണ്ടാവില്ല്യാലോ..."അടുക്കളയില്‍ നിന്ന് ശാരദേടത്തി പറഞ്ഞു നിര്‍ത്തി. "ന്‍റെ ബുദ്ദൂസേ നമ്മള്‍ അവനെ കുഞ്ഞിലാ കണ്ടത് ന്നുവച്ച് അവന്‍ വരലര്നില്ല്യാന്നാ നീ ധരിച്ചു വച്ചിരിക്ക്യണെ...ഇതാപ്പോ നന്നായെ... ഹഹഹ..."കേശവന്‍ നമ്പൂതിരി വാത്സല്ല്യം കലര്‍ന്ന ഒരു പരിഹാസച്ചിരി പാസാക്കി. "ഓ..ഞാന്‍ അത് ഓര്‍ത്തില്ല്യ അപ്പൂനെ ന്‍റെ മടീല് കെടത്തി ഒറക്യതും പാട്ടുപാടി വാരിക്കൊടുത്തതും ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്ന്വാ നിക്ക്..എത്ര പെട്ടന്നാ ല്ലേ കേശവേട്ടാ ഈ കുട്ട്യോള് വളരണെ...എനിക്കവനെ പെട്ടെന്ന് കാണാന്‍ തോന്ന്വാ.." ശാരദേടത്തിയുടെ വാര്‍ധക്ക്യം ബാധിച്ച കണ്ണുകളില്‍ വീണ്ടും ഒരു നീലസൂര്യന്‍... "ആ ആ നീ എന്തിനാ ന്‍റെ ശാരദേ ഇങ്ങനെ തിടുക്കം കൂട്ടണേ...അവന്‍ തിങ്കളാഴ്ച ഇങ്ങ്ടല്ലേ വരണേ...അപ്പൊ കാണാല്ലോ നമുക്ക് കണ്കുളിര്‍ക്കെ..അവന്‍ കൊറേ ദിവസം ഇവടെണ്ടാവ്വേം ചെയ്യും.."കേശവന്‍ നമ്പൂതിരിയും വല്ല്യ സന്തോഷത്തിലായിരുന്നു..
"മേലേടത്ത് മന" കേരളത്തിലെ തന്നെ പേരുകേട്ട ബ്രാഹ്മണകുടുംബമാണ്...സമാരാധ്യരായ ആഡ്യബ്രാഹ്മണര്‍..വേദപണ്ഡിതര്‍.. പുരോഗമനവാദികള്‍..അത് കൊണ്ട് തന്നെ ഇല്ലത്തെ സ്ത്രീകള്‍ക്ക് അടക്കം വിദ്യാഭ്യാസം ഉണ്ട്.കേശവന്‍ നമ്പൂതിരി റെയില്‍വേയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായി പെന്‍ഷന്‍ പറ്റിയ ആളാണ്‌.ഇപ്പോള്‍ ഇല്ലത്തെ ഏക്കറുകളോളം പോരുന്ന തെങ്ങും പറമ്പും വയലുകളും നോക്കി നടത്തി സ്വസ്ത ജീവിതം. കേശവന്‍ നമ്പൂതിരി ശുദ്ധനാണെങ്കിലും അല്‍പ്പം പരുക്കനായിരുന്നു മുന്‍കോപി...എന്നാല്‍ പേരെടുത്ത ഒരധ്യാപിക ആയി വിരമിച്ച ശാരദ ടീച്ചര്‍ സൗമ്യതയും സദാചുണ്ടില്‍ സൂക്ഷിക്കുന്ന ഒരു പുഞ്ചിരിയും കൊണ്ട് നാട്ടുകാരുടെ പ്രിയങ്കരിയായിരുന്നു. ഒരേഒരു മകള്‍ ആയിരുന്നു ദേവിക. അവളുടെ വിവാഹം ദുബായില്‍ എഞ്ചിനീയര്‍ ആയ വേണുഗോപാലനുമായി ഒരു ഉത്സവം പോലെയാണ് കൊണ്ടാടിയത്‌. ആ നാട് മുഴുവന്‍ ഉണ്ടായിരുന്നു വിവാഹത്തിന്. പൂരം നക്ഷത്രത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ ഒരുണ്ണിയെ പെറ്റിട്ട് മാസങ്ങള്‍ തികയും മുന്‍പ് ഒരു റോഡ്‌ അപകടത്തില്‍ ദേവിക യാത്രയായി.. ഒരേ ഒരു മകള്‍ പോയ സങ്കടം അവരെ തകര്‍ത്ത് കളഞ്ഞു. ഉണ്ണിയുടെ കളിയും ചിരിയും ആണ് ദുഖാര്‍ണ്ണവത്തില്‍ നിന്നും അവരെ കരകയറ്റിയത്. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ..എല്ലാം പഴയപടി ആയിത്തുടങ്ങി. ദുബായില്‍ നിന്നും വേണു വിളിച്ചു ഉണ്ണി യു.പി ക്ലാസ്സ്‌ അവിടെ പഠിക്കട്ടെ എന്ന്. അവിടത്തെ മികച്ച ഒരു സ്കൂളില്‍ അവനു അഡ്മിഷന്‍ ശരി ആക്കിയിരുന്നു അയാള്‍..അച്ഛന്‍റെ ഇഷ്ടത്തിനെതിരായി ഒന്നും ചെയ്യില്ലെന്നും വേണു പറഞ്ഞു. ജീവിതത്തില്‍ വന്നു പെട്ട ദുരിതങ്ങള്‍ക്ക്‌ മുന്നില്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു അയാള്‍..ജീവിതത്തോട് പൊരുതി നേടണം എന്നാ ശക്തമായ ആശ അയാളുടെ സ്വരത്തില്‍ കാണാമായിരുന്നു.അപ്പുവിനെ മികച്ച നിലവാരമുള്ള ഒരു സ്കൂളില്‍ പഠിപ്പിക്കണം എന്നവേണുവിന്‍റെ ആഗ്രഹം തങ്ങളുടെ ദുഃഖം കടിച്ചമര്‍ത്തി വൃദ്ധദമ്പതികള്‍ ശരി വച്ചു. നാട്ടിലെത്തിയ വേണുവിനൊപ്പം കൂട്ടാക്കാത്ത അപ്പുവിനെ അല്‍പ്പം ബലം പ്രയോഗിച്ചാണ് കാറില്‍ കയറ്റിയത്..കാറ് കാഴ്ചയില്‍ നിന്ന് മറയും വരെ കുഞ്ഞപ്പു നിറകണ്ണുകളോടെ മുത്തശ്ശിയെയും മുത്തശ്ശനേയും നോക്കി വിതുമ്പികൊണ്ടിരുന്നു. വേണുവിനും ഉണ്ടായിരുന്നു ആ പറിച്ചുനടീലില്‍ നല്ല വിഷമം എന്നാല്‍ തന്‍റെ മകന്‍റെ ശോഭനമായ ഭാവി മറ്റാരുമില്ലാതായ അയാള്‍ക്ക് എന്തിലും വലുതായിരുന്നു.അപ്പു പോയതോടെ ആ വീട് പിന്നെയും ഉറങ്ങി.വിശാലമായ അങ്കണത്തിലും വമ്പന്‍ നാലുകെട്ടിലും നിശ്ശബ്ദത തളം കെട്ടി കിടന്നു. ആലയില്‍ പശുക്കള്‍ പോലും ഒന്ന് അമര്‍ത്തിക്കരയാന്‍ കഴിയാതെ വിതുമ്പി. 
ഫോണ്‍ ബെല്‍ കേട്ട് കേശവന്‍ നമ്പൂതിരി ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു. ഓടിച്ചെന്നു റിസീവര്‍ കയ്യിലെടുത്തു. "ഹലോ..ആരാ സംസാരിക്കണേ?? ". മറുവശത്തു വേണുവായിരുന്നു. "അച്ഛാ ഞാനാ വേണു. അപ്പു നാളെ കാലത്ത് പുറപ്പെടും..ലീവ് ഉണ്ടെങ്കില്‍ ഞാനും കൂടെ വന്നേനെ അച്ഛാ..ഇദിപ്പോ...അച്ഛനറിയാല്ലോ ഇവിടത്തെ കാര്യങ്ങള്‍. അച്ഛന്‍ നാളെ എയര്‍പോര്‍ട്ടിലേക്ക് ആളെ വിട്വല്ലോ ല്ലേ??" കേശവന്‍ നമ്പൂതിരി പറഞ്ഞു. " വേണൂ ഞാന്‍ തന്നെ പോണുണ്ട് എയര്‍പോര്‍ട്ട്ക്ക് നീ വിഷമിക്കണ്ട"" അപ്പൊ ശരി അച്ഛാ അപ്പൊ ഞാന്‍ നാളെ വിളിക്കാം..പിന്നെ മറക്കണ്ട അച്ഛാ കാലത്ത് ഏഴു മണിക്ക അവിടെ കോഴിക്കോട്‌ ഫ്ലൈറ്റ് എത്തണെ..അപ്പൊ ശരി" . കേശവന്‍ നമ്പൂതിരിക്ക് ഒരു പത്തു വയസ്സ് കുറഞ്ഞത് പോലെ ആയിരുന്നു അവര്‍ക്കാകെ ഉള്ള ഒരേ ഒരു പൌത്രന്‍ വരുന്ന സന്തോഷം.. അത് പറയാന്‍ അയാള്‍ അടുക്കളയ്ക്ക് ഓടി. "ശാരദേ..ശാരദേ...നീ ഇത് എവടെ പോയ്‌ കിടക്ക്വാ??"..ശാരദ ടീച്ചര്‍ അപ്പുവിന് നാനാതരം പലഹാരങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. " ആ ഇവിടെ ഉണ്ട് എന്തിനാ ഇങ്ങനെ വിളിച്ചു കൂവണെ ന്‍റെ കേശവേട്ടാ.." ."കൂവാണ്ട് പിന്നെ.... നാളെ കാലത്ത് അപ്പു ഇങ്ങേത്തില്ല്യെ... അവനു നല്ല പലഹാരങ്ങള്‍ ഒക്കെ ഉണ്ടാക്കുണ്ണ്ടല്ലോ നീയ്??".കേശവന്‍ നമ്പൂതിരി ചോദ്ച്ചു.."ഇത് നല്ല കൂത്ത് അതിപ്പോ പ്രത്യേകിച്ചു പറയണോ??" ടീച്ചര്‍ പുഞ്ചിരിച്ചു. കേശവന്‍ നമ്പൂതിരി തെങ്ങുംപറമ്പിലേക്ക് ഓടി.." ദാ പ്രകാശാ പ്രകാശാ..". "എന്താ തിരുമേനീ.." വളരെ മോശം രീതിയില്‍ വസ്ത്രധാരണം നടത്തിയ ഒരാള്‍ ഓടിയെത്തി ബഹുമാനത്തോടെ കുനിഞ്ഞു." നാളെ അപ്പു വരവാ..ഞങ്ങടെ ദേവീടെ മോന്‍..നീ വരണം ന്‍റെ കൂടെ വിമാനത്താവളത്തില്..മനസ്സിലായോ?? "."ഉവ്വ് തിരുമേനീ.."ഈ മുഷിഞ്ഞ വസ്ത്രോം കൊണ്ട് അങ്ങട് പോരാണ്ട..അവിടെ ചെന്ന് ശാരദയോട് പറഞ്ഞാല്‍ ന്‍റെ പഴയ ഷര്‍ട്ടും മുണ്ടും തരും നാളെ കുളിച്ചു അതൊക്കെ ഇട്ടു വരണം ട്ടോ..". "ഉവ്വ്".
അന്ന് രാത്രി രണ്ടാള്‍ക്കും ഉറക്കം ണ്ടായില്ല...അപ്പു വരണ സന്തോഷം. തിരിഞ്ഞും മറിഞ്ഞും ഒക്കെ നേരം വെളുപ്പിച്ചു. കാലത്ത് തന്നെ ടീച്ചര്‍ അടുക്കളയില്‍ കേറി അപ്പുവിനെ സല്ക്കരിക്കാനുള്ള അവസാനഘട്ടമിനുക്കുപണികള്‍ ആരംഭിച്ചു.കേശവന്‍ നമ്പൂതിരി കാലത്ത് തന്നെ കുളത്തില്‍ മുങ്ങി ഊക്ക കഴിച്ചു കുടുംബക്ഷേത്രത്തില്‍ ചെന്നു.ഇപ്പൊ അത് കമ്മറ്റിക്ക് വിട്ടു കൊടുത്തിരിക്കുകയാ. ഒരു എമ്പ്രാന്തിരി ആണ് അവിടെ ശാന്തി.."എടോ രാമാ ഇന്നേ ന്‍റെ അപ്പു വരണുണ്ട് ദുബായീന്ന്" . രാമന്‍ എമ്പ്രാന്തിരി സംശയിച്ചു. "ഈ അപ്പു എന്ന് വച്ച ആരാ കേശവേട്ടാ..എടോ ശുംഭാ ന്‍റെ ദേവീടെ മകന്‍..." " ആ മോള്‍ടെ ഉണ്ണി ല്ലേ.." എപ്പള ഏത്തണെ??". "കാലത്ത് എത്തും." താന്‍ അവന്‍റെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിക്യ..യാത്ര ശുഭാവട്ടെ." പുഷ്പാഞ്ജലി പ്രസാദം വാങ്ങുമ്പോ രാമന്‍ എമ്പ്രാന്തിരി പുഞ്ചിരിച്ചു പറഞ്ഞു. "ഒക്കെ അമ്മ നോക്കിക്കോളും യാത്ര ശുഭാവും കേശവേട്ടന്‍ ചെല്ല്വ.." രാവിലെ തന്നെ പ്രകാശന്‍ ഇല്ലത്ത് ഹാജര്‍ ആയിരുന്നു. കേശവന്‍ നമ്പൂതിരി ഇല്ലത്തു ചെല്ലുമ്പഴേ പ്രകാശനെ ആണ് കണ്ടത്." അലക്കി തേച്ച കുപ്പായവും മുണ്ടും ഇട്ടു കുളിച്ചു കുട്ടപ്പനായ പ്രകാശന്‍ ശരിക്കും സുന്ദരനായിരുന്നു അന്ന്." ആഹ എന്താ ഞാനീ കാണാനേ ന്‍റെ ദേവീ....താന്‍ ആളു അങ്ങ് സുന്ദരനായല്ലോ ഇനീപ്പോ അറബിവിമാനം തന്നേം കേറ്റി അങ്ങ് തിരിച്ചു പോവ്വോ??" കേശവന്‍ നമ്പൂതിരി ചിരിച്ചു. ബീഡിക്കറ പുരണ്ട പല്ലുകള്‍ കാട്ടി പ്രകാശന്‍ ചിരിച്ചു...എയര്‍പോര്‍ട്ടില്‍ പോകാന്‍ തിരുമേനി വിളിച്ച കാര്‍ ഇല്ലത്തിന്‍റെ മുറ്റത്തേക്ക് കേറി വന്നു."ആ ഖാദര്‍ എത്ത്യോ??.."അകത്തേക്ക് നോക്കി. "ആ ശാരദേ ഞാന്‍ പോയ്‌ വരാം ട്ടോ.." ആ ശരി അകത്തു നിന്ന് വിളിച്ചു പറഞ്ഞു."ഏ എവിടെ പ്രകാശന്‍. അല്‍പ്പം മാറി തുളസിത്തറയ്ക്ക് പിന്നില്‍ ഒളിച്ചു നില്‍ക്കണ പ്രകാശനെ ഖാദര്‍ ആണ് കണ്ടു പിടിച്ചത്. "ന്‍റെ ശുംഭാ കാര്‍ നെന്നെ പിടിച്ചു വിഴുങ്ങ്വോന്നും ഇല്ല ന്‍റെ പ്രകാശാ".അവനെ ഉന്തി തള്ളി മുന്നില്‍ കയറ്റി ഖാദര്‍. ഒരു അരവട്ടനാണ് പ്രകാശന്‍...നല്ല ശാരീരികസ്ഥിതി..പക്ഷെ ബുദ്ധി അല്‍പ്പം പിന്നോട്ടാ.."തിരുമേനി പിന്നില്‍ കയറി.ഖാദര്‍ മെല്ലെ കാര്‍ നീക്കി തുടങ്ങി. കാര്‍ എയര്‍പോര്‍ട്ടിന്‍റെ വിശാലമായ വീഥിയിലേക്ക് കടക്കുമ്പോഴേക്കും അപ്പുവിന്‍റെ വിമാനം അവിടെ ലാന്‍ഡ്‌ ചെയ്തിരുന്നു. നെറ്റിയില്‍ വലിയ ഭസ്മക്കുറിയുമായ്‌ ഫോട്ടോയില്‍ കണ്ട മുത്തശ്ശനെ അപ്പു ദൂരെ നിന്നെ തിരിച്ചറിഞ്ഞു. അവന്‍ കൈവീശി..മുത്തശ്ശനും... " മുത്തശ്ശ......" അപ്പു ഓടി വന്നു മുത്തശ്ശനെ വാരിപ്പുണര്‍ന്നു.മുത്തശ്ശന്‍ കൊച്ചു മകന്‍റെ നെറുകയില്‍ ചുംബിച്ചു." നീ എന്നെക്കാളും നീളം വച്ചല്ലോ അപ്പൂ..."അപ്പു പതിയെ ചിരിച്ചു. നീല ജീന്‍സും ചുവന്ന ടീ-ഷര്‍ട്ടും ഇട്ട അപ്പു സുന്ദരനായിരുന്നു വേണുവിനെയും ദേവികയെയും പോലെ. വീട്ടിലെത്തുമ്പോള്‍ വാതുക്കല്‍ ടീച്ചര്‍ മുത്തശ്ശി അപ്പുവിനെ കാണാന്‍ അക്ഷമയായി കാത്തു നില്‍പ്പുണ്ടായിരുന്നു. വന്നപാടെ അവര്‍ അപ്പുവിനെ നെഞ്ചോടു ചേര്‍ത്തു,..കവിളില്‍ തെരുതെരെ ചുംബിച്ചു.. പിന്നെ അപ്പുവിനെ ശരിക്ക് ഒന്നൂട്ടുന്ന തിരക്കിലായിരുന്നു പിന്നീട് അവര്‍ രണ്ടാളും..കുട്ടികള്‍ ഏറ്റവും കൂടുതല്‍ സ്നേഹവും ലാളനകളും കൊതിക്കുന്ന കാലമല്ലേ കൌമാരം.അപ്പു ശരിക്കും സന്തോഷിച്ചു. രാത്രി മുത്തശ്ശന്‍ അപ്പുവിനോട് സംസാരിക്കാന്‍ തുടങ്ങി. " അപ്പൂ...ഇനി എന്താ നിന്‍റെ പ്ലാന്‍??എഞ്ചിനീയറിംഗ് ആണോ അതോ??".:" അതെ മുത്തശ്ശ... ഇവിടെ എന്‍.ഐ.ടി നോക്കുന്നുണ്ട്.." ഉം...അതാ നല്ലേ അച്ഛനോട് ഞാന്‍ പറഞ്ഞോളാട്ടോ അപ്പൂ ഇനി നിന്നെ അങ്ങട് വിടില്ലാന്നു...."അപ്പു ചിരിച്ചു.. 
യാത്രാക്ഷീണം കൊണ്ട് തളര്‍ന്നുറങ്ങിയ അപ്പുവിനെ പിറ്റേന്നത്തെ പുലരി ചുംബിച്ചുണര്‍ത്തി....അപ്പു വലിയ സന്തോഷത്തില്‍ ആയിരുന്നു പിന്നീട് കുറെ നാള്‍. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നൊക്കെ പറയുന്നത് ഇവിടെ 
ആണോ??അപ്പു യഥേഷ്ടം തൊടികളിലൂടെ ഓടി നടന്നു.തെങ്ങിന്‍ തോപ്പില്‍..വയലേലകളില്‍...കുന്നിന്‍ ചെരിവുകളില്‍...അപ്പുവിന്‍റെ ജീവിതത്തില്‍ അത്രയും സന്തോഷകരമായ നാളുകള്‍ ഉണ്ടായിട്ടില്ല. തനിക്ക് ദുബായിലെ ശീതീകരിച്ച താമസസ്ഥലത്ത് നഷ്ടപ്പെട്ടു പോയ ബാല്യം ഇവിടെ ഈ സുന്ദരഗ്രാമത്തില്‍ കൌമാരത്തില്‍ തിരിച്ചു കിട്ടിയിരിക്കുന്നു.പക്ഷേ എവിടെ പോകുമ്പോഴും മുത്തശ്ശി അവന്‍റെ കൂടെ പ്രകാശനെ കൂട്ടിനയചിരുന്നു ഒരു സംരക്ഷകനെ പോലെ. ആകെ ഉണ്ടായിരുന്ന മകള്‍ നഷ്ടപ്പെട്ട ഭീതിയായിരുന്നു ആ വൃദ്ധദമ്പതിമാര്‍ക്ക്. ഉണ്ണിക്ക് അതൊട്ടും ഇഷ്ടമായില്ല.ഒരു ദിവസം രാത്രി മുത്തശ്ശനോടൊപ്പം ഉമ്മറത്തിരിക്കുമ്പോള്‍ അപ്പു പറഞ്ഞു."അല്ല മുത്തശ്ശാ....ഈ പ്രകാശന്‍ എന്താ ഇങ്ങനെ....ഇങ്ങനെ ഉണ്ടോ ആളുകള്‍?? ഞാന്‍ എങ്ങനെ മിണ്ടാന്‍ നോക്കീട്ടും അയാള്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.ഒരു മോരടന്‍...". മുത്തശ്ശന്‍ പറഞ്ഞു. "ആ അവന്‍ അങ്ങനെയാ.."."അയാള്‍ക്കെന്താ ഇത്തിരി വട്ടാ?? ഹഹ "മുത്തശ്ശന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.."അതെ അപ്പു ഇത്തിരി...". അപ്പുവിന്‍റെ മുഖം വല്ലാതായി.അവന്‍ പോയ്‌ കിടന്നു. 
പിറ്റേന്ന് മുത്തശ്ശന്‍ അപ്പുവിനേം കൂട്ടി അവനു കുറച്ചു ഡ്രസ്സ്‌ എടുക്കാന്‍ ടൌണിലേക്ക് പോവാന്‍ ഇറങ്ങി.പ്രധാന നിരത്തിലേക്ക് കടക്കാന്‍ ഒരു കുറുക്കു വഴിയുണ്ട്. നാട്ടിന്‍ പുറത്തെ ഇടവഴികള്‍.അങ്ങനെ ഒന്നില്‍ അവര്‍ കേറി അപ്പു ആഹ്ലാദിച്ചു വേഗം നടപ്പ് തുടങ്ങി. അപ്പോള്‍ മുത്തശ്ശന്‍ പറഞ്ഞു സൂക്ഷിച്ചു നടന്നോ അപ്പൂ അവിടെ ഒക്കെ തൂറിനിറച്ചു വച്ചിട്ടുണ്ടാവും..." അപ്പു വേഗം കുറച്ചു. അതാ അവിടെ സ്വര്‍ണ്ണവര്‍ണ്ണത്തില്‍ ഒരു കൂട്ടം രണ്ടാളും മൂക്ക് പൊത്തി അതിനെ കടന്നു പോയി. 
അവര്‍ ഇല്ലത്ത് തിരിച്ചെത്തി. "ശാരദേ...ശാരദേ...കാണണ്ടേ നിനക്ക് ഞാന്‍ അപ്പൂന് വാങ്ങീരിക്കണത്?? ഇങ്ങട് വര്വ....പണി ഒക്കെ ന്നിട്ടാവം... " .ടീച്ചര്‍ പുഞ്ചിരി തൂകി. "ഒക്കെ കേമായ്ട്ടുണ്ടല്ലോ...അപ്പു പോയ്‌ ഇതൊക്കെ ഒന്നിട്ടു വര്വ...കാണട്ടെ മുത്തശ്ശീം മുത്തശ്ശനും.....".അപ്പു അതൊക്കെ അണിഞ്ഞു വന്നു. "ആയ്..സുന്ദരനായിരിക്ക്ണു ന്‍റെ കുട്ടന്‍.."അപ്പു പുഞ്ചിരിച്ചു.
മുത്തശ്ശന്‍ എവിടെയോ പോയ്‌ തിരിച്ചു ഉമ്മറത്ത്‌ വന്നു കേറിയത് നല്ല ദേഷ്യത്തിലായിരുന്നു. "നന്ദി ഇല്ലാത്ത നായ..ഇത്രേം കാലം തീറ്റി പോറ്റീട്ട് ആ പട്ടി കാണിച്ചു വച്ചിരിക്കണത് കണ്ടില്ലേ....." "എന്താ മുത്തശ്ശാ..." അപ്പു ചോദിച്ചു. "എന്ത് എന്താന്നു ഇവിടെ ഒക്കെ തൂറിനിറയ്ക്കണത് ആ പ്രകാശനാത്രേ...ആ ചായപ്പീടികെലെ കുറുപ്പ് പറഞ്ഞു.ഇനി ഈ വഴിക്ക് പോരണ്ട ന്നു പറഞ്ഞിട്ടുണ്ട് ഞാന്‍ നായയോട് പ്രകാശനോട്..." അപ്പു ഒന്നും പറഞ്ഞില്ല... അപ്പുവിന് എന്‍.ഐ.ടി യില്‍ അഡ്മിഷന്‍ ശരിയായി. മുത്തശ്ശന്‍ ആണ് അവനെ കൊണ്ട് ചേര്‍ത്തിയത്. .അങ്ങനെ അവനു ക്ലാസ്സ്‌ തുടങ്ങി. അപ്പു പഠനത്തിരക്കിലായി. പിന്നീട് അപ്പു ഇല്ലത്തേക്ക് വരുന്നത് മൂന്നുനാല് മാസങ്ങള്‍ക്ക് ശേഷാണ്. നേരം സന്ധ്യയാകാറായപ്പോഴാണ് അപ്പു നിരത്തില്‍ വണ്ടി ഇറങ്ങുന്നത്. മുത്തശ്ശന്‍ സ്റ്റോപ്പില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. "ആ അപ്പൂ...നീ എത്ത്യോ...എങ്ങനെ ഉണ്ട് ക്ലാസ്സ്‌ ഒക്കെ??നന്നായ്‌ പഠിക്കുന്നുണ്ടല്ലോ അല്ലെ??..."."ഉണ്ട് മുത്തശ്ശാ....". "ആ വരൂ നടക്കാം മുത്തശ്ശി അവിടെ കാത്തിരിപ്പാ...".അപ്പു മുത്തശ്ശനോടൊത്തു നടന്നു.കുറുക്കുവഴിയിലേക്ക് കയറാന്‍ തുടങ്ങിയ മുത്തശ്ശനോട് അപ്പു ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു. "മുത്തശ്ശാ...എനിക്ക് പ്രകാശന്‍റെ പ്രസാദം ചവിട്ടാന്‍....ഹ ഹ....".മുത്തശ്ശന്‍ വളരെ ലളിതമായ്‌ പറഞ്ഞു. "ഇല്ലപ്പൂ...ഇനി ഇവിടെ ആരും തൂറി വെയ്ക്കില്ല....."."അതെന്താ മുത്തശ്ശാ നിങ്ങളെല്ലാവരും കൂടെ അവനെ നാട് കടത്തിയോ??". "ഉം...അതെ....നാട് കടത്തിയത് ഈശ്വരനാ അപ്പൂ...അവന്‍ കഴിഞ്ഞ ആഴ്ച ചത്തു...ആ അത് പോട്ടെ നീ വാ...".മുത്തശ്ശന്‍ നടന്നു.അപ്പു പെട്ടെന്ന് സ്ഥബ്ദനായി.ഉള്ളില്‍ ഒരു കനല്‍ എരിയും പോലെ തോന്നി അവന്. അപ്പോഴേക്കും മുത്തശ്ശന്‍ നടന്ന് കുറെ മുന്‍പില്‍ എത്തിയിരുന്നു. "ആ എന്താ അപ്പൂ അവിടെ നിന്ന് കളഞ്ഞേ....ധൈര്യമായ പൊന്നോ...ഇനി ഇവിടെ കാഷ്ഠം ഉണ്ടാവില്ല....അവന്‍ ചത്തുതുലഞ്ഞല്ലോ......"മുത്തശ്ശന്‍ ചിരിച്ചെന്നു വരുത്തി. അപ്പുവിന്‍റെ കണ്ണ് നിറഞ്ഞു. അവന്‍ മിണ്ടാതെ മുത്തശ്ശന് പിന്നാലെ നടന്നു.അപ്പു ഓര്‍ത്തു എന്തൊരു ദുഷ്ടനാ തന്‍റെ ഈ മുത്തശ്ശന്‍..ചത്തുതുലഞ്ഞൂത്രേ.....ഒരു മനുഷ്യനെ പറ്റി അല്ലെ ഈ പറേണേ....ഹും...... മുത്തശ്ശി പതിവ് പോലെ അവനെ സ്വീകരിച്ചു. വഴിയരികില്‍ കളഞ്ഞു കിട്ടിയ ഒരു കുഞ്ഞുനൊമ്പരവും പേറി അപ്പു അകത്തേക്ക് കയറി.സന്ധ്യാനാമം ചൊല്ലിയ ശേഷം അപ്പു മെല്ലെ മുറ്റത്തേക്കിറങ്ങി. മുത്തശ്ശനെ അവിടെ ഒന്നും കാണാന്‍ ഇല്ലായിരുന്നു. അപ്പുവിന് മുത്തശ്ശനോട് വല്ലാത്ത വെറുപ്പു തോന്നി. അവന്‍ പതിയെ തൊടിയിലേക്കിറങ്ങി. ആ ഇടവഴിയില്‍ എന്തോ ഒരു ശബ്ദം... അപ്പു പതിയെ ചെന്ന് നോക്കി. ആരോ അവിടെ ആ വഴിയില്‍ മുട്ടുകുത്തി ഇരിക്കുന്നു. പ്രകാശന്‍റെ ഓര്‍മ്മകളില്‍ മുട്ടുകുത്തി ഇരുന്നു കണ്ണീരു വാര്‍ക്കുകയായിരുന്നു കേശവന്‍ നമ്പൂതിരി. ആ നാടിനു മുഴുവന്‍ അധിപനായ മേലേപ്പാട്ട് മനയിലെ കേശവന്‍ നമ്പൂതിരി..പരുക്കന്‍.....അല്‍പ്പം മുന്‍പ് താന്‍ വെറുത്ത തന്‍റെ പ്രിയപ്പെട്ട മുത്തശ്ശന്‍. അപ്പു വീണ്ടും തകര്‍ന്നു പോയി. അവന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവന്‍ വിളിച്ചു. "മുത്തശ്ശാ.....".മുത്തശ്ശന്‍ അപ്പുവിനെ നോക്കി. അപ്പു ഓടി ചെന്ന് മുത്തശ്ശനെ കെട്ടിപുണര്‍ന്ന് പൊട്ടിക്കരഞ്ഞു. ആ രാവിന്‍റെ ഭീകരമായ നിശബ്ദതയില്‍ അവരുടെ കരച്ചില്‍ അലിഞ്ഞലിഞ്ഞില്ലാതായി. രാഷ്ട്രീയവൈരത്തിന്‍റെയും മതഭ്രാന്തിന്‍റെയും ഒക്കെ പേരും പറഞ്ഞ് കൊല്ലും കൊള്ളിവെയ്പ്പും നടമാടുന്ന ഈ ലോകത്തില്‍ ഇനിയും നന്മ മരിക്കാത്ത ഒരുപാട് ജീവിതങ്ങള്‍ നമ്മുടെ ഗ്രാമങ്ങളില്‍ അവശേഷിക്കുന്നു.നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം കുറെയേറെ കുഞ്ഞുനൊമ്പരങ്ങളെ നെഞ്ചോടുചേര്‍ത്തു താലോലിക്കാം....

-----------------------------------------------------
ശുഭം............

Sunday, May 27, 2012

ഉണ്ണിയും അച്ഛനും


ഉണ്ണീ പണ്ടീക്കുളത്തിലാണോമനേ
മുത്തച്ഛനച്ഛനെ നീന്താന്‍ പഠിപ്പിച്ചു 
ഇവിടെയീ തെളിനീരില്‍ മുങ്ങിയും പൊങ്ങിയും
കൂടെച്ചിണുങ്ങിയും നീന്താന്‍ തുടങ്ങി ഞാന്‍ 
കണ്ണാടി നോക്കുവാനെത്തുന്ന കാകനെ 
നല്‍വെള്ളം കുടഞ്ഞു ദൂരേക്ക്‌ പായിച്ചു ഞാന്‍ 
ഇവിടെയീ തൊടിയില്‍ വിരിയുന്ന പൂക്കളെ 
തഴുകി തഴുകി കളിച്ചു നടന്നു ഞാന്‍ 
നല്ഗന്ധം വമിക്കുന്ന ലേപനക്കൂട്ടുമായ്
മാരുതനെത്തുവാന്‍ കാത്തിരുന്നന്നു ഞാന്‍ 

ഇവിടെയാണുണ്ണീ....
ഇവിടെയാണുണ്ണീ, പണ്ടെന്‍റെ ഭാവനാശകലങ്ങള്‍
പൂത്തു തളിര്‍ത്തതും കായ്ച്ചതും 
കവിതയായ് പെയ്തതും അതില്‍ ഞാന്‍ നനഞ്ഞതും
ഹൃത്തുകുളിര്‍ത്തതിന്‍ കുളിരിലളിഞ്ഞതും
മാവിന്‍ ചുവട്ടിലാണുണ്ണീ...
ഈ മാവിന്‍ചുവട്ടിലാണച്ഛന്‍ പണ്ട് മാമ്പഴമുണ്ടതും
കൊച്ചു ചിരട്ടയില്‍ മണ്ണുകുഴച്ചതും 
അപ്പം ചുട്ടതും തിന്നുരസിച്ചുകളിച്ചുമദിച്ചതുമുണ്ണീ...ഉണ്ണീ...

ഉണ്ണീയടുപ്പിലെ കരിയെടുത്തീച്ചുമര്‍ മുഴുവനും 
ചിത്രങ്ങള്‍ കോറിയിട്ടന്നു ഞാന്‍ 
നെറ്റിചുളിച്ചമ്മയെന്നെ നോക്കീടവേ
ആക്കുളപ്പടികളില്‍ കണ്ണീരുവാര്‍ത്തു ഞാന്‍
എന്നെത്തിരഞ്ഞുത്തിരഞ്ഞു തളര്‍ന്നമ്മ
എന്നുടെ ചാരത്തണയുന്ന വേളയില്‍
വാരിയെടുത്തിട്ടുമാറോടണച്ചുകൊണ്ട-
മ്മയെന്‍ നെറ്റിയില്‍ ചുംബനം തൂകയായ് 
ഉണ്ണീ...പൊന്നുണ്ണീ..

മാനം മുഴുവനിരുണ്ടുകറുക്കുമ്പോള്‍ 
കര്‍ക്കിടപ്പേമാരി ആര്‍ത്തുതകര്‍ക്കുമ്പോള്‍ 
ഭൂമി നടുങ്ങുന്ന വെള്ളിടിവെട്ടുമ്പോള്‍ 
രാത്രി മുറിക്കുന്ന മിന്നലലയ്ക്കുമ്പോള്‍ 
ഈ നാലുകെട്ടിന്‍ ചുവരുകള്‍ക്കുള്ളിലെ
കൊച്ചുമുറിയൊന്നിന്‍ കട്ടിലിന്‍ മൂലയില്‍ 
കാതുകള്‍ പൊത്തിയാ കമ്പിളിക്കുള്ളിലെ 
അന്ധകാരത്തില്‍ അഭയം തേടീടവേ
അച്ഛന്‍, നിന്‍ മുത്തച്ഛന്‍ വന്നാ ബലിഷ്ട്ടകരങ്ങള്‍-
കൊണ്ടച്ഛനെ നെഞ്ചോടടക്കി പിടിക്കയായ്
ഉണ്ണീ...എന്നുണ്ണീ....

ഉണ്ണീ നമുക്കൊന്ന് യാത്ര പോണം
ഒട്ടു പിന്നോട്ട് നമ്മള്‍ക്ക് യാത്ര പോണം....
വന്നെന്‍റെ കയ്യില്‍ പിടിച്ചു കൊള്‍ക
നമുക്ക് വൈകാതെ യാത്ര നടത്തിടേണം.......

-ശ്യാം നിരവില്‍പ്പുഴ...
smnamboodiri@gmail.com

Sunday, April 1, 2012

ഇനി വയ്യ നടക്കാന്‍....


പ്രഭോ,
ഇനി വയ്യ നടക്കാന്‍
എന്‍റെ പാദമിടറുന്നു
എന്‍റെ മേനി തളരുന്നു..
ഒരു മാത്ര ഞാനൊന്നു വിശ്രമിച്ചോട്ടെ??
കുടനീര്‍ത്തി നില്‍ക്കുമീ ആലിന്‍റെ ചോട്ടില്‍
ഒരുവേള ഞാനൊന്നു കണ്ണടച്ചോട്ടെ...
ഇവിടെ വന്നെത്തുന്ന കാറ്റിന്‍റെ തേരില്‍
പിറകോട്ടു ഞാനൊന്നു യാത്ര ചെയ്തോട്ടേ
തിറകെട്ടിയാടുന്ന കരിയാത്തനൊപ്പം
പുലരുവോളം ഞാന്‍ മദ്യപിച്ചോട്ടെ??
ഇവിടെയീ മദിരയില്‍ കൊടുചുഴിയിലൊന്നില്‍
ഒറ്റയ്ക്ക് ഞാനൊന്നു മുങ്ങിനൂര്‍ന്നോട്ടെ
രാത്രിയിലാര്‍ക്കുന്ന പ്രേതഭൂതങ്ങള്‍ തന്‍
ദംഷ്ട്രയില്‍ രക്തമായ് പറ്റിനിന്നോട്ടെ
സര്‍വ്വം വിഴുങ്ങുന്നോരന്ധകാരത്തിന്‍
പിളരുന്ന വായില്‍ ഭോജ്യമായ്ക്കോട്ടേ...
ഇനിയിവിടെ ഏകനായ് വീണുറങ്ങട്ടെ...
ഇനിവയ്യ യാത്ര എനിക്കിനി വയ്യ....
ഇവിടെ ഈ ആല്‍ത്തറയില്‍ ഞാനുറങ്ങട്ടെ....

------------------------------------------------------------------
-Syam Niravilpuzha...
smnamboodiri@gmail.com

Friday, March 23, 2012

മറ്റൊരു ഉണ്ണിക്കവിത ...

ഉണ്ണീ, ഓടി അടുത്തു വരൂ..
അച്ഛന്‍റെ കൈകളില്‍ ഊയലാടൂ...
ഒരു കുഞ്ഞു മണിമുത്തം അച്ഛനേകൂ..
എന്‍റെ കരളുകുളിര്‍ക്കുമൊരു പാട്ടു മൂളൂ...

വീണ്ടുമച്ഛന്‍ തോളിലേറ്റാമുണ്ണീ
കടലോരത്തു നടക്കാം
അച്ഛന്‍റെ മടിയില്‍ കിടക്കാം നമുക്കീ
തൂവെണ്ണിലാവില്‍ കുളിക്കാം..

രാക്കാഴ്ച കണ്ടു രസിക്കാം ഉണ്ണീ
അച്ഛന്‍റെ നെഞ്ചിലുറങ്ങാം
അമ്പിളി തോണിയിലേറി നമുക്കാ
ചന്ദ്രികപാല്‍ക്കടല്‍ നീന്താം

മഞ്ചാടി മാമലയേറാം ഉണ്ണീ
മേഘങ്ങളോടോത്തു പാടാം...
ആകാശമാകുന്ന വലിയോരാ ക്യാന്‍--
വാസില്‍ ഒരുമിച്ചു ചിത്രമെഴുതാം

അച്ഛന്‍റെ ചാരത്തിരുന്നു നിനക്കിന്നു
കുട്ടിക്കഥകള്‍ ശ്രവിക്കാം
അറബിക്കഥയിലെ രാജകുമാരന്‍റെ
തേരില്‍ കയറിക്കുത്തിക്കാം

അറിയാം വരില്ല നീയിനിയെന്‍റെ
ചാരെയതറിയാമെങ്കിലുമുണ്ണീ
വീണ്ടുമൊരാശയെന്നുള്ളില്‍
നിന്നെ വാരിയെടുത്തു ചുംബിക്കാന്‍

Sunday, March 11, 2012

നിരുപമം..

നിരുപമമാ ബാല്യത്തില്‍ കൂട്ടരോടൊത്തു ഞാന്‍
വൃഥാ നടന്നോരു കടല്‍ത്തീരസന്ധ്യകള്‍
കണ്ണാടിമണലിന്‍ വിരിപ്പില്‍ പടിഞ്ഞിരുന്നോ-
ന്നിച്ചു നാം നെയ്ത സ്വപ്നപറുദീസകള്‍
ഞങ്ങളെക്കണ്ട് നാണത്താല്‍ മുഖം ചുവന്നാ-
ഴിക്കു പിന്നില്‍ ഒളിക്കുന്ന കതിരവന്‍
ഒച്ചയുണ്ടാക്കാതെ പതിയെ കടന്നു വന്നെന്‍
അളകങ്ങളില്‍ തഴുകുന്ന മാരുതന്‍
ചെറുതായ് ചുവന്നൊരു കടലിന്‍ തിരകളില്‍
ആടിയുലഞ്ഞു ചലിക്കുന്ന നൌകകള്‍
ഇരുള്‍ വീഴ്വതും മുന്‍പ് കൂടുകള്‍ പുല്‍കുവാന്‍
പാറിപ്പറക്കുവോര്‍ അമ്മപ്പറവകള്‍
കൂട്ടരെക്കാട്ടാതെ പാറകള്‍ക്കിടയിലൂടെ-
ന്നോടു മാത്രം ചിരിക്കുന്ന ഞണ്ടുകള്‍..
തീരത്തരയക്കുടിലിന്‍റെ മുറ്റത്ത് കാ-
റ്റെറ്റ് കേളികളാടും കുരുന്നുകള്‍
ഹോയ് ഹോയ് വിളിച്ചുകൊണ്ടാക്കടല്‍ നെഞ്ചിലേ-
ക്കാഞ്ഞു കുതിക്കും നല്‍ജലറാണികള്‍

കാവ്യമാകുന്നു നീ കടലേ...
നല്‍ കാവ്യമാകുന്നു നീ കടലേ...
എന്‍ബാല്യവും പൊയ്പ്പോയ നഷ്ടസ്വപ്നങ്ങളും
പ്രണയവും പൂക്കളും ചപലമോഹങ്ങളും
വെറും കാവ്യമാകുന്നെടീ കടലേ...
വെറും കാവ്യമാകുന്നെടീ കടലേ...

Wednesday, November 30, 2011

ഇത്രയേ ഉള്ളൂ ജീവിതം..

ഒരു ചെറിയ കഥ...എന്‍റെ ഹോസ്റ്റലിന്‍റെ മട്ടുപ്പാവിലെ രാത്രിയിലെ ഫോണ്‍വിളിക്കാര്‍ക്ക് സമര്‍പ്പിക്കുന്നു....ആദ്യത്തെ ഉദ്യമമാണ് ഒരു കഥ എഴുതല്‍..തെറ്റുകള്‍ ക്ഷമിക്കുക....

----------------------------------------------------
ഉണ്ണി പിന്നെയും മുന്നോട്ടു നടന്നുകൊണ്ടേ ഇരുന്നു....
നേരം ഇരുട്ടിയിരുന്നു...പക്ഷികള്‍ കലപിലെ ചിലച്ചു കൊണ്ട് അവരവരുടെ കൂട്ടില്‍ ചേക്കേറാനുള്ള ബദ്ധപ്പാടിലായിരുന്നു....
കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നവര്‍..
ശനിയാഴ്ച ആയത് കൊണ്ട് പലര്‍ക്കും കാശ് മുഴുക്കെ കിട്ടിയിട്ടുണ്ട്...
ആ ഗ്രാമപ്രദേശത്ത് മിക്കവരുടെയും ജീവിതമാര്ഗങ്ങള്‍ ഇവയൊക്കെ തന്നെയാണ്...ചിലര്‍ക്ക് കൂലിപ്പണി..മറ്റു ചിലര്‍ കാലത്തിനൊത്ത് കോലം മാറാന്‍ മിനക്കിടാതെ കൃഷിയെ ആശ്രയിക്കുന്നു.."മണ്ണ് ചതിക്കില്ല" എന്നതൊക്കെ പഴമൊഴി മാത്രമായെന്ന് ഇപ്പഴും വിശ്വസിക്കാത്ത ഒരു പറ്റം ആളുകള്‍..പലരും നന്നായി മിനുങ്ങിയിട്ടുണ്ട്..എന്നാലും മക്കള്‍ക്ക്‌ കൊടുക്കാന്‍ കക്ഷത്ത്‌ ഓരോ കടലാസുപൊതികള്‍ ഒതുക്കി വച്ചിട്ടുണ്ട്..പരിപ്പുവടയോ പഴംപോരിയോ അങ്ങനെ എന്തോ???....
തുച്ഛമായ വരുമാനമാണ് അവര്‍ക്കൊക്കെ എങ്കിലും അവരൊക്കെ സന്തുഷ്ടരാണ്...സംതൃപ്തരാണ്...
അതില്‍ ഉണ്ണിയെ പരിചയമുള്ള ചിലരൊക്കെ അവനെ നോക്കി പുഞ്ചിരിക്കുന്നു..മറ്റു ചിലര്‍ കുശലം ചോദിക്കുന്നു...
ഉണ്ണിയുടെ മനസ്സ് വര്‍ഷകാലത്ത് കുലംകുത്തി ഒഴുകുന്ന കബനിയെപ്പോലെ ആകെ കലങ്ങി മറഞ്ഞിരുന്നു...ജീവിതത്തില്‍ അന്നെ വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശൂന്യതയായിരുന്നു അത്...
പ്രണയം സുഖമാണ് മധുരമാണ് എന്നൊക്കെ പറഞ്ഞു കേട്ടു..
പ്രണയിക്കേണ്ട നല്ലകാലം വെറുതെ പോയി..അധൈര്യം പ്രണയം പറയാന്‍ സമ്മതിച്ചില്ല...ധൈര്യം എത്തിയപ്പോഴേക്കും പ്രണയിനിക്കായി പഞ്ഞം..ഒടുവില്‍ ആളെ കണ്ടെത്തി...ബന്ധം കീറി മുറിച്ചു മനസ്സാക്ഷി എന്നാ സര്‍ജന്‍ "പ്രണയം" സ്ഥിതീകരിച്ചു..പിന്നെ പ്രണയിക്കാന്‍ സമയം പോരാത്തതായി അടുത്ത പ്രശ്നം...പിന്നീട് ഒരു ഓടിപ്പാച്ചിലായിരുന്നു...
പ്രണയിച്ചു പ്രണയിച്ചു മത്തുപിടിച്ചു...കള്ളം എന്തെന്നറിയാത്തവനായിരുന്നു ഉണ്ണി...അത് കൊണ്ട് തന്നെ ഉണ്ണിയുടെ പ്രണയം ആത്മാര്‍ത്ഥമായിരുന്നു...ഒരു കാട്ടുചോലയിലെ തെളിനീരിനെക്കാള്‍ നിര്‍മ്മലം...അങ്ങനെ ഋതുഭേദങ്ങളും കാലചക്രത്തിന്‍റെ കറക്കവും ഒന്നും അറിയാതെ അവരുടെ പ്രണയരഥം കുറേക്കാലം മുന്നോട്ടു പാഞ്ഞു...ആധുനികകാലത്തിലെ പ്രണയത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരുപാധി ആയി തീര്‍ന്നിട്ടുണ്ടല്ലോ മൊബൈല്‍ഫോണ്‍..മുന്‍പ് നീലനിലാവിന്‍റെ സൌന്ദര്യം കണ്ടും കവിതകള്‍ എഴുതിയും തീര്‍ത്ത ഉണ്ണിയുടെ രാത്രികള്‍ മൊബൈലില്‍ കുശുകുശുത്തു പോയി....ഉണ്ണി കവിതകള്‍ എഴുതാതായി...എഴുതാന്‍ പേനയെടുത്താല്‍ ആകെ "കാമുകിയുടെ പേര് മാത്രം".... ഉണ്ണി ചിന്തിക്കാന്‍ മറന്നു..ഉണ്ണാന്‍ മറന്നു..ഭാവനയെ കൊന്നു...ഒരായിരം തവണ ചര്‍ദ്ദിച്ചു മടുത്ത മധുരവാക്കുകള്‍ വീണ്ടും വീണ്ടും ഫോണിലൂടെ ചവച്ചുതുപ്പിക്കൊണ്ടേ ഇരുന്നു...പെട്ടെന്ന് ഒരു ദിവസം അത് സംഭവിച്ചു..
അവള്‍ ഉണ്ണിയ്ക്ക് ഒരു മൊബൈല്‍സന്ദേശം അയച്ചു.. "എന്‍റെ കല്യാണം ഉറപ്പിച്ചു..നീ എന്നെ സഹോദരിയായി കാണണം.."..ഉണ്ണി വിതുമ്പിപ്പോയി.."ഉള്ളില്‍ മധുരസ്വപ്‌നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ നൂറുകണക്കിന് നിലകളുള്ള പ്രണയസൌധം ഒറ്റനിമിഷം കൊണ്ട് തകര്‍ന്നു നിലംപൊത്തി..."ഇതാണോ സ്ത്രീ??കാളിദാസനും കുമാരനാശാനും ഇത്രകണ്ട് പുകഴ്ത്തിയ സ്ത്രീസങ്കല്‍പ്പം??..
ഉണ്ണിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരായ്‌ ഒഴുകി..ഇനി ഈ ജീവിതം അസഹ്യം..അവള്‍ തന്‍റെ ഒരു ഭാഗം തന്നെ ആയിരുന്നില്ലേ??..
വികലമായ മനസ്സുമായ്‌ ഒരു ജീവിതം...അത് വയ്യ...ഉണ്ണി നടന്നു നടന്ന് മഞ്ചാടിമലയുടെ ഉച്ചിയില്‍ എത്തിയിരുന്നു...താഴേക്കു നോക്കി..ഒന്നും കാണാന്‍ വയ്യ കൂരാക്കൂരിരുട്ട്...ഒറ്റച്ചാട്ടം..ഒക്കെ അവസാനിക്കും..അവള്‍ സുഖമായി ജീവിക്കട്ടെ...ചാടാന്‍ കാലുയര്‍ത്തവേ ഉണ്ണിയുടെ മൊബൈല്‍ ചിലച്ചു...ഒരു സന്ദേശം...ഉണ്ണി ശപിച്ചു കൊണ്ട് തുറന്നു നോക്കി..ഇത് മറ്റൊരുവള്‍..."ഐ ലവ് യൂ.." എന്ന് മാത്രം..ഉണ്ണിയുടെ മനസ്സില്‍ വീണ്ടും ചിത്രശലഭങ്ങള്‍ പാറിപ്പറന്നു...ദേവസംഗീതത്തിന്‍റെ ഈണങ്ങള്‍ ഉയര്‍ന്നു"..ഉണ്ണി പതിയെ അവളുടെ നമ്പറിലേക്ക് വിളിച്ചു..മറുവശത്തു കിളിനാദം..പണ്ട് പറഞ്ഞു മടുത്ത പ്രണയവാചകങ്ങള്‍ യാതൊരു അക്ഷരത്തെറ്റും കൂടാതെ ലവലേശം ജാള്യത ഇല്ലാതെ മധുരമായി ഫോണിലൂടെ മൊഴിഞ്ഞു മെല്ലെ കുന്നിറങ്ങി തുടങ്ങി...ഇത്രയേ ഉള്ളൂ ജീവിതം....

-ശ്യാം മോഹന്‍ നിരവില്‍പ്പുഴ

നിന്നെ ഞാന്‍ അറിയുന്നു...

ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്ക്...
.
.

നിന്നെ ഞാന്‍ അറിയുന്നു...
--------------------------------------

നീ,
എന്‍റെ ഹൃദയമാണ്;
നീ
മൂര്‍ദ്ധാവില്‍ തന്ന ചുംബനങ്ങള്‍
എന്‍റെ മനസ്സിനെ നനച്ചിരുന്നു
വാത്സല്യത്തിന്‍റെ ഈര്‍പ്പം
നിറച്ചിരുന്നു
നീ കാതില്‍ ഇമ്പത്തിലോതിയ
താരാട്ടുപാട്ടുകള്‍ കേട്ടു ഞാനുറങ്ങി

നീ,
ഒരു തണല്‍വൃക്ഷമാണ്;
എന്‍റെ തളര്‍ച്ചയില്‍
നീ എനിക്ക് കുടയായി
ദശാസന്ധികളില്‍ ഞാന്‍
നിന്നിലഭയം തേടി
എന്‍റെ സുഖങ്ങളില്‍
നിന്നെ ഞാന്‍ ഓര്‍ത്തതേ ഇല്ല;
പക്ഷേ അഭായത്തിന്‍റെ തണല്‍ വിരിച്ച്
നീ എന്നെ നോറ്റിരുന്നു

നീ,
ഞാന്‍ എഴുതാന്‍ മറന്ന കവിതയാണ്;
നനയാന്‍ മറന്ന സ്നേഹമഴയാണ്;
ചൂടാന്‍ മറന്ന തുളസിക്കതിരാണ്;
കാണാന്‍ മറന്ന പകല്‍ക്കിനാവാണ്;
അജ്ഞതയാല്‍ തിരസ്കരിച്ച സ്വര്‍ഗ്ഗമാണ്;

അമ്മേ,
നീ പെയ്യാന്‍ വെമ്പും മഴമേഘമായ്
എന്നുള്ളില്‍ ഘനീഭവിച്ചു കിടക്കുന്നു.
നിന്‍റെ വിയര്‍പ്പുകൊണ്ടലക്കിയ
വസ്ത്രങ്ങളുടെ ശുഭ്രതയില്‍
ഞാന്‍ പാറിപ്പറന്നു.
നിന്‍റെയുള്ളിലെ നൊമ്പരങ്ങള്‍
നീ ചെറുപുഞ്ചിരിയാല്‍ മറച്ചു.

അമ്മേ,
നിന്നെ ഞാന്‍ അറിഞ്ഞതേ ഇല്ല.
നീ ടെലിപ്പതി ശീലിച്ചിരുന്നില്ല;
പക്ഷേ കാലത്തെ ചുടുകാപ്പിയായ്
തീന്‍മേശയിലെ ആവിപാറും ദോശയായ്‌
നീ എന്‍റെ മനസ്സു വായിച്ചു.
ഇന്ന് നീ കൊഴിഞ്ഞബാല്ല്യത്തിന്‍ സ്മാരകശിലയായ്‌
നഷ്ടബോധത്തിന്‍ മയില്‍പ്പീലിതുണ്ടായ്‌
മനസ്സിന്‍റെ താളില്‍ ഒളിച്ചിരിക്കുന്നു..

അമ്മേ,
ഇന്ന് സന്തോഷത്തിനായ്‌
ഞാനെന്‍റെ മനസ്സ് ചിക്കിചികയുന്നു;
നിന്‍റെ ചുംബനത്തിന്‍റെ നനവില്‍
ഞാനലിയുന്നു;
അമ്മേ,നിന്നെ ഞാന്‍ അറിയുന്നു;
ഞാന്‍ കണ്ണുനീരിനാല്‍,
നിന്‍റെ പാദങ്ങള്‍ കഴുകുന്നു..
ഒരു തുണ്ടു കടലാസ്സില്‍
നീയൊരു കവിതയായ്‌ വിരിയുന്നു;
അമ്മേ, നിന്നെ കുറിച്ചു ഞാന്‍
മുഗ്ദ്ധമായ്‌ പാടുന്നു..