Sunday, May 27, 2012

ഉണ്ണിയും അച്ഛനും


ഉണ്ണീ പണ്ടീക്കുളത്തിലാണോമനേ
മുത്തച്ഛനച്ഛനെ നീന്താന്‍ പഠിപ്പിച്ചു 
ഇവിടെയീ തെളിനീരില്‍ മുങ്ങിയും പൊങ്ങിയും
കൂടെച്ചിണുങ്ങിയും നീന്താന്‍ തുടങ്ങി ഞാന്‍ 
കണ്ണാടി നോക്കുവാനെത്തുന്ന കാകനെ 
നല്‍വെള്ളം കുടഞ്ഞു ദൂരേക്ക്‌ പായിച്ചു ഞാന്‍ 
ഇവിടെയീ തൊടിയില്‍ വിരിയുന്ന പൂക്കളെ 
തഴുകി തഴുകി കളിച്ചു നടന്നു ഞാന്‍ 
നല്ഗന്ധം വമിക്കുന്ന ലേപനക്കൂട്ടുമായ്
മാരുതനെത്തുവാന്‍ കാത്തിരുന്നന്നു ഞാന്‍ 

ഇവിടെയാണുണ്ണീ....
ഇവിടെയാണുണ്ണീ, പണ്ടെന്‍റെ ഭാവനാശകലങ്ങള്‍
പൂത്തു തളിര്‍ത്തതും കായ്ച്ചതും 
കവിതയായ് പെയ്തതും അതില്‍ ഞാന്‍ നനഞ്ഞതും
ഹൃത്തുകുളിര്‍ത്തതിന്‍ കുളിരിലളിഞ്ഞതും
മാവിന്‍ ചുവട്ടിലാണുണ്ണീ...
ഈ മാവിന്‍ചുവട്ടിലാണച്ഛന്‍ പണ്ട് മാമ്പഴമുണ്ടതും
കൊച്ചു ചിരട്ടയില്‍ മണ്ണുകുഴച്ചതും 
അപ്പം ചുട്ടതും തിന്നുരസിച്ചുകളിച്ചുമദിച്ചതുമുണ്ണീ...ഉണ്ണീ...

ഉണ്ണീയടുപ്പിലെ കരിയെടുത്തീച്ചുമര്‍ മുഴുവനും 
ചിത്രങ്ങള്‍ കോറിയിട്ടന്നു ഞാന്‍ 
നെറ്റിചുളിച്ചമ്മയെന്നെ നോക്കീടവേ
ആക്കുളപ്പടികളില്‍ കണ്ണീരുവാര്‍ത്തു ഞാന്‍
എന്നെത്തിരഞ്ഞുത്തിരഞ്ഞു തളര്‍ന്നമ്മ
എന്നുടെ ചാരത്തണയുന്ന വേളയില്‍
വാരിയെടുത്തിട്ടുമാറോടണച്ചുകൊണ്ട-
മ്മയെന്‍ നെറ്റിയില്‍ ചുംബനം തൂകയായ് 
ഉണ്ണീ...പൊന്നുണ്ണീ..

മാനം മുഴുവനിരുണ്ടുകറുക്കുമ്പോള്‍ 
കര്‍ക്കിടപ്പേമാരി ആര്‍ത്തുതകര്‍ക്കുമ്പോള്‍ 
ഭൂമി നടുങ്ങുന്ന വെള്ളിടിവെട്ടുമ്പോള്‍ 
രാത്രി മുറിക്കുന്ന മിന്നലലയ്ക്കുമ്പോള്‍ 
ഈ നാലുകെട്ടിന്‍ ചുവരുകള്‍ക്കുള്ളിലെ
കൊച്ചുമുറിയൊന്നിന്‍ കട്ടിലിന്‍ മൂലയില്‍ 
കാതുകള്‍ പൊത്തിയാ കമ്പിളിക്കുള്ളിലെ 
അന്ധകാരത്തില്‍ അഭയം തേടീടവേ
അച്ഛന്‍, നിന്‍ മുത്തച്ഛന്‍ വന്നാ ബലിഷ്ട്ടകരങ്ങള്‍-
കൊണ്ടച്ഛനെ നെഞ്ചോടടക്കി പിടിക്കയായ്
ഉണ്ണീ...എന്നുണ്ണീ....

ഉണ്ണീ നമുക്കൊന്ന് യാത്ര പോണം
ഒട്ടു പിന്നോട്ട് നമ്മള്‍ക്ക് യാത്ര പോണം....
വന്നെന്‍റെ കയ്യില്‍ പിടിച്ചു കൊള്‍ക
നമുക്ക് വൈകാതെ യാത്ര നടത്തിടേണം.......

-ശ്യാം നിരവില്‍പ്പുഴ...
smnamboodiri@gmail.com