Friday, March 23, 2012

മറ്റൊരു ഉണ്ണിക്കവിത ...

ഉണ്ണീ, ഓടി അടുത്തു വരൂ..
അച്ഛന്‍റെ കൈകളില്‍ ഊയലാടൂ...
ഒരു കുഞ്ഞു മണിമുത്തം അച്ഛനേകൂ..
എന്‍റെ കരളുകുളിര്‍ക്കുമൊരു പാട്ടു മൂളൂ...

വീണ്ടുമച്ഛന്‍ തോളിലേറ്റാമുണ്ണീ
കടലോരത്തു നടക്കാം
അച്ഛന്‍റെ മടിയില്‍ കിടക്കാം നമുക്കീ
തൂവെണ്ണിലാവില്‍ കുളിക്കാം..

രാക്കാഴ്ച കണ്ടു രസിക്കാം ഉണ്ണീ
അച്ഛന്‍റെ നെഞ്ചിലുറങ്ങാം
അമ്പിളി തോണിയിലേറി നമുക്കാ
ചന്ദ്രികപാല്‍ക്കടല്‍ നീന്താം

മഞ്ചാടി മാമലയേറാം ഉണ്ണീ
മേഘങ്ങളോടോത്തു പാടാം...
ആകാശമാകുന്ന വലിയോരാ ക്യാന്‍--
വാസില്‍ ഒരുമിച്ചു ചിത്രമെഴുതാം

അച്ഛന്‍റെ ചാരത്തിരുന്നു നിനക്കിന്നു
കുട്ടിക്കഥകള്‍ ശ്രവിക്കാം
അറബിക്കഥയിലെ രാജകുമാരന്‍റെ
തേരില്‍ കയറിക്കുത്തിക്കാം

അറിയാം വരില്ല നീയിനിയെന്‍റെ
ചാരെയതറിയാമെങ്കിലുമുണ്ണീ
വീണ്ടുമൊരാശയെന്നുള്ളില്‍
നിന്നെ വാരിയെടുത്തു ചുംബിക്കാന്‍

Sunday, March 11, 2012

നിരുപമം..

നിരുപമമാ ബാല്യത്തില്‍ കൂട്ടരോടൊത്തു ഞാന്‍
വൃഥാ നടന്നോരു കടല്‍ത്തീരസന്ധ്യകള്‍
കണ്ണാടിമണലിന്‍ വിരിപ്പില്‍ പടിഞ്ഞിരുന്നോ-
ന്നിച്ചു നാം നെയ്ത സ്വപ്നപറുദീസകള്‍
ഞങ്ങളെക്കണ്ട് നാണത്താല്‍ മുഖം ചുവന്നാ-
ഴിക്കു പിന്നില്‍ ഒളിക്കുന്ന കതിരവന്‍
ഒച്ചയുണ്ടാക്കാതെ പതിയെ കടന്നു വന്നെന്‍
അളകങ്ങളില്‍ തഴുകുന്ന മാരുതന്‍
ചെറുതായ് ചുവന്നൊരു കടലിന്‍ തിരകളില്‍
ആടിയുലഞ്ഞു ചലിക്കുന്ന നൌകകള്‍
ഇരുള്‍ വീഴ്വതും മുന്‍പ് കൂടുകള്‍ പുല്‍കുവാന്‍
പാറിപ്പറക്കുവോര്‍ അമ്മപ്പറവകള്‍
കൂട്ടരെക്കാട്ടാതെ പാറകള്‍ക്കിടയിലൂടെ-
ന്നോടു മാത്രം ചിരിക്കുന്ന ഞണ്ടുകള്‍..
തീരത്തരയക്കുടിലിന്‍റെ മുറ്റത്ത് കാ-
റ്റെറ്റ് കേളികളാടും കുരുന്നുകള്‍
ഹോയ് ഹോയ് വിളിച്ചുകൊണ്ടാക്കടല്‍ നെഞ്ചിലേ-
ക്കാഞ്ഞു കുതിക്കും നല്‍ജലറാണികള്‍

കാവ്യമാകുന്നു നീ കടലേ...
നല്‍ കാവ്യമാകുന്നു നീ കടലേ...
എന്‍ബാല്യവും പൊയ്പ്പോയ നഷ്ടസ്വപ്നങ്ങളും
പ്രണയവും പൂക്കളും ചപലമോഹങ്ങളും
വെറും കാവ്യമാകുന്നെടീ കടലേ...
വെറും കാവ്യമാകുന്നെടീ കടലേ...