Sunday, March 11, 2012

നിരുപമം..

നിരുപമമാ ബാല്യത്തില്‍ കൂട്ടരോടൊത്തു ഞാന്‍
വൃഥാ നടന്നോരു കടല്‍ത്തീരസന്ധ്യകള്‍
കണ്ണാടിമണലിന്‍ വിരിപ്പില്‍ പടിഞ്ഞിരുന്നോ-
ന്നിച്ചു നാം നെയ്ത സ്വപ്നപറുദീസകള്‍
ഞങ്ങളെക്കണ്ട് നാണത്താല്‍ മുഖം ചുവന്നാ-
ഴിക്കു പിന്നില്‍ ഒളിക്കുന്ന കതിരവന്‍
ഒച്ചയുണ്ടാക്കാതെ പതിയെ കടന്നു വന്നെന്‍
അളകങ്ങളില്‍ തഴുകുന്ന മാരുതന്‍
ചെറുതായ് ചുവന്നൊരു കടലിന്‍ തിരകളില്‍
ആടിയുലഞ്ഞു ചലിക്കുന്ന നൌകകള്‍
ഇരുള്‍ വീഴ്വതും മുന്‍പ് കൂടുകള്‍ പുല്‍കുവാന്‍
പാറിപ്പറക്കുവോര്‍ അമ്മപ്പറവകള്‍
കൂട്ടരെക്കാട്ടാതെ പാറകള്‍ക്കിടയിലൂടെ-
ന്നോടു മാത്രം ചിരിക്കുന്ന ഞണ്ടുകള്‍..
തീരത്തരയക്കുടിലിന്‍റെ മുറ്റത്ത് കാ-
റ്റെറ്റ് കേളികളാടും കുരുന്നുകള്‍
ഹോയ് ഹോയ് വിളിച്ചുകൊണ്ടാക്കടല്‍ നെഞ്ചിലേ-
ക്കാഞ്ഞു കുതിക്കും നല്‍ജലറാണികള്‍

കാവ്യമാകുന്നു നീ കടലേ...
നല്‍ കാവ്യമാകുന്നു നീ കടലേ...
എന്‍ബാല്യവും പൊയ്പ്പോയ നഷ്ടസ്വപ്നങ്ങളും
പ്രണയവും പൂക്കളും ചപലമോഹങ്ങളും
വെറും കാവ്യമാകുന്നെടീ കടലേ...
വെറും കാവ്യമാകുന്നെടീ കടലേ...

No comments:

Post a Comment