Friday, July 29, 2011

പാടാത്ത കവി

അവന്‍റെ ഹൃദയത്തിലോരുപാട്
കവിതയുണ്ട്
പാടുവാനര്‍ഥിക്കുമൊരു
മനസ്സുമുണ്ട്
അവന്‍റെ കവിതയെ ശബ്ദവീചികള്‍
തടഞ്ഞു വച്ചു..
കാരണം നമ്മുടെ പ്രിയകവി
ഊമയായിരുന്നു
ഹൃദയത്തിലോതുക്കിയ വ്യഥകള്‍ ഉരുക്കി
കവി കവിതയാക്കി
അണപൊട്ടി ഒഴുകിയ അശ്രുവിനോപ്പം
അത് പുറത്തു വന്നു
ശരിക്കും കവി കരഞ്ഞിരുന്നോ??
കവിത പറയട്ടെ!!!

എന്‍റെ പ്രണയം

കവിതേ,
എന്നുടെ നന്മ തന്‍ സത്തയേ..
തീര്‍ത്ഥമായ് എന്‍റെ
ശംഖതില്‍ നിറയുക
ഭ്രാന്തിയായ് എന്‍റെ
ചിത്തില്‍ പുലമ്പുക
ലിഖിതമായെന്‍റെ
ഗ്രന്ഥം നിറയ്ക്കുക
പ്രണയമായെന്‍റെ
ഹൃത്തില്‍ തളിര്‍ക്കുക
ഗാനമായെന്‍റെ
ചുണ്ടില്‍ തുളുമ്പുക
ശോകമായെന്‍റെ
നെഞ്ചില്‍ വിതുമ്പുക
ആശയങ്ങളായ്
ചിന്തയില്‍ പൂക്കുക
വര്‍ഷബാഷ്പമായ്
പെയ്തു കുളിര്‍ക്കുക
മോദമായെന്നില്‍
നൃത്തം ചവിട്ടുക
കാവ്യലാവയായ്
എന്നിലേക്കൂറുക
മഞ്ഞുതുള്ളിപോലെ-
ന്നില്‍ പതിക്കുക
കൊടിയ വിഷമായി
തിന്മ തകര്‍ക്കുക
അമൃത കുംഭമായ്
നന്മയെ കാക്കുക
ദുരിതവേനലില്‍
പെരുമഴയാകുക
ദുഖവേളയില്‍
സാന്ത്വനം ചൊരിയുക
മണ്ണില്‍ ഉണ്മയാം
മുത്തിനെ പോറ്റുക
വിണ്ണില്‍ നന്മതന്‍
മേഘമായ് നീങ്ങുക
നദിയില്‍ ത്യാഗമാം
ഓളമായ് നീന്തുക
കരിവീരനായ്
ചിന്നം വിളിക്കുക
സിംഹരാജനായ്
അലറി വിളിക്കുക
വേഗനൌകയായ്‌
തിരയെ മുറിക്കുക
കാവ്യഗംഗയായ്
ജഡയില്‍ പതിക്കുക
ധര്‍മ്മനിഗ്രഹം
വാളായ് ചെറുക്കുക
കവിതേ, നീയെന്‍റെ
ചെപ്പില്‍ കരേറുക
ഇളം തെന്നലായ്
വീശിത്തിമര്‍ക്കുക
ഒടുവില്‍ നീറുന്നോ-
രെന്നുടെ ഹൃത്തിനെ
കത്തിയമരുന്നോ-
രരക്കിന്‍റെ ഗേഹത്തെ
കടും പുക വമിക്കുന്ന
എരിയുന്ന ചിത്തിനെ
കാലവര്‍ഷമായ്
ഇടവപ്പകുതിയായ്
മീനമാസത്തെ
വേനല്‍മഴയതായ്
പെയ്യുക...
നിറയുക...
കുളിര്‍പ്പിക്ക...
കവിതേ, പ്രിയ തോഴീ..
എന്‍റെ പ്രിയ സഖീ...
നീ എന്‍റെ കാമുകി,
നിത്യ പ്രണയിനി,
നിതാന്ത പ്രേയസി...

Tuesday, July 26, 2011

നിരവില്‍പ്പുഴയുടെ കാവലാള്‍

പ്രശസ്തിയുടെ കണിക പോലും എത്തിനോക്കാത്ത എന്‍റെ കൊച്ചു ഗ്രാമത്തില്‍ ഒരു ശിവക്ഷേത്രമുണ്ട്...അവിടെ ഗ്രാമത്തിന്‍റെ കാവലിനായ് ഞങ്ങളുടെ ശിവഭഗവാനും..

------------------------------​---------------
കബനിയെപ്പുല്‍കുവാന്‍ പാഞ്ഞോഴുകുന്നൊരു
പുഴയുണ്ട് നിരവില്‍പ്പുഴ..
അവിടെ ശ്രീപരമേശ്വരന്‍ കുടികൊള്ളുമമ്പലം
ഭഗവതീ കാവതുണ്ട്...
ഭക്തരെ കാക്കുന്ന സ്വാമി...നല്ല മര്‍ത്ത്യരെ പോറ്റുന്ന സ്വാമി..
എന്‍റെ ഹൃത്തതില്‍ വാഴുന്ന സ്നേഹപ്രകാശമാം
ഗിരിജ തന്‍ പതിയെന്‍റെ സ്വാമി..

കലികാല ദുഃഖങ്ങള്‍ മാറ്റും സ്വാമി,
നന്മകള്‍ ഹൃത്തില്‍ നിറയ്ക്കും
എന്‍റെ ഹൃദയത്തില്‍ നുരയ്ക്കും സ്വാമി
ശ്രീ പരമേശ്വരാ ശരണം..
ശിവനേ ശരണം...ശിവനേ ശരണം...
ഹരനേ ശരണം...ശരണം...

പുഴയിലൊരു സ്നാനം കഴിച്ച് ഭക്തര്‍
നാഥനെ തൊഴുതു വണങ്ങും
പുണ്യഭൂവിലീ പരമേശസന്നിധി പൂകുമ്പോള്‍
മനസ്സെന്നസാഗരം ശാന്തം
എന്‍റെ മനസ്സെന്നസാഗരം ശാന്തം...
കാലത്തു മന്ത്രം മുഴങ്ങും എന്‍റെ
ചിത്തത്തില്‍ ഭക്തി വിളങ്ങും
വിശ്വനാഥനെ കാണുന്ന മാത്രയില്‍ തന്നെയീ
ഇഹലോക ദുഃഖം മറക്കും..
മര്‍ത്ത്യര്‍ ഇഹലോക ദുഃഖം മറക്കും..
ശിവനേ ശരണം...ശിവനേ ശരണം...
ഹരനേ ശരണം...ശരണം...

തേവരെ കണ്ടു വണങ്ങും
ഭഗവതികാവില്‍ തൊഴുതു വണങ്ങും
പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടു ഞാനെന്‍റെ
തേവരെ കണ്ടു വണങ്ങും
വിശ്വനാഥനെ തൊഴുതു വണങ്ങും...
കുളിരുള്ള നിരവില്‍പ്പുഴയിലെ തെളിനീരില്‍
മുങ്ങിക്കുളിച്ചു ഞാന്‍ ചെല്ലും..
പിന്നെ തിരുനട മുന്നില്‍ വണങ്ങും
വിശ്വനാഥനെ കണ്ടു മടങ്ങും..
ശിവനേ ശരണം...ശിവനേ ശരണം...
ഹരനേ ശരണം...ശരണം..

തലപൊക്കി നില്‍ക്കുന്ന ബാണാസുരന്‍ മല..
മാനന്തവാടിക്ക് വാഹനത്തിന്‍ നിര..
കരകവിഞ്ഞൊഴുകുന്ന നിരവില്‍പ്പുഴയതും
നാട്ടിലെക്കെത്തുന്ന ഗജവീരവൃന്ദവും..
ഭക്തരെ കാക്കുവാന്‍ ഭാഗവതികാവിലോ
ഐശ്വര്യാദായകന്‍ ശ്രീപരമേശ്വരന്‍...

Sunday, July 10, 2011

അന്ത്യാഭിലാഷം

ചതുരത്തില്‍ ഒരു പെട്ടി,
അതില്‍ എന്തൊക്കെയോ ചലിക്കുന്നു;
അതിനടുത്ത് കുറെ പെട്ടികള്‍;
ഇതായിരുന്നു കമ്പ്യൂട്ടര്‍ ശൈശവത്തില്‍.
.
.
ബാല്യത്തില്‍ കഥ മാറി,
കളിക്കാനും പഠിക്കാനും പഠിച്ചു;
കമ്പ്യൂട്ടര്‍ പ്രിയകൂട്ടുകാരന്‍ ആയി.
.
.
.
കൌമാരത്തില്‍ കമ്പ്യൂട്ടര്‍ സമയംകൊല്ലിയായി;
അത് ലോകം മുഴുവന്‍ നീളുന്ന വല വീശി.
സൌഹൃദം പ്രണയമായ് പിന്നീട് കറുത്ത കാമവും.
കുമാരന്മാര്‍ വലയില്‍ പിടഞ്ഞു..
കുമാരിമാരുടെ ശ്വാസം നിലച്ചു..
വായന മരിച്ചു..വിജ്ഞാനം തളര്‍ന്നു..
അവരുടെ മനസ്സിലെ വിളക്കണഞ്ഞു..
വെട്ടം നിലച്ചു..വിഷാദം പുഷ്ടിച്ചു..
വലയുടെ കണ്ണികളുടെ ഒരുറപ്പേ!!!!
.
.
.
യുവത്വം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തന്നെ..
അത് അവരെ ധനികരാക്കി..
വീടും കുടുംബവും സമാധനവുമല്ല,
ധനമാണ് ഏറ്റവും വലിയ സ്വത്ത്..
കമ്പ്യൂട്ടര്‍ അവരെ പോറ്റി..
ഇതിനിടയില്‍ അവര്‍ സ്നേഹം മറന്നു..
പാടാനും ഉണ്ണാനും ഉറങ്ങാനും മറന്നു..
.
.
.
ഒടുക്കം കമ്പ്യൂട്ടര്‍ തന്നെ ശവപ്പെട്ടിയായി..
അന്ത്യാഭിലാഷം..
എന്നെ ഒരു സീപീയൂവില്‍ അടക്കണം;
സുഖനിദ്ര..ശാന്തനിദ്ര..

Saturday, July 2, 2011

ഇവന്‍ മായാമോഹനന്‍...

ഇവനായിരിക്കും
ഭാരതീയര്‍ക്കു ഏറ്റവും പ്രിയപ്പെട്ടവന്‍..
ഇവനായിരിക്കും
തരുണീമണികളുടെ സ്വപ്നകാമുകന്‍...
ഇവനായിരിക്കും
കുട്ടികളുടെ പ്രിയ കൂട്ടുകാരന്‍...
ഇവനായിരിക്കും
ആയിരം അമ്മമാരുടെ മാനസപുത്രന്‍...
ഇവനായിരിക്കും
ലോകം കണ്ട ഏറ്റവും മികച്ച തത്വചിന്തകന്‍...
ഇവനായിരിക്കും
ഏറ്റവും മഹാനായ ഉപദേഷ്ടാവ്...
ഇവന്‍റെ നാമമാവും ഏറെ
ഭാരതീയരുടെ ചിത്തിലും ഹൃത്തിലും തത്തിക്കളിക്കുന്നത്..
ഇവന്‍റെ കഥ കേട്ടാവും
ഒരുപാട് കുരുന്നുകള്‍ അന്തിയുറങ്ങുന്നത്..
ഇവന്‍റെ കീര്‍ത്തനങ്ങളാവും
ഏറ്റവും ഇമ്പത്തില്‍ മുഴങ്ങുന്നത്...
ഇവന്‍റെ ഗീതോപദേശമാവും
ഒരുപക്ഷെ എക്കാലത്തെയും മികച്ച യുദ്ധതന്ത്രം...
ഇവന്‍റെ സാരഥ്യം ആയിരിക്കും
ധര്‍മ്മയുദ്ധത്തില്‍ പാണ്ഡവവിജയഹേതു...
ഇവന്‍റെ യാത്രയായിരിക്കും
ഏറ്റവും വലിയ വിരഹിണിയായി രാധയെ മാറ്റിയത്...
ഇവന്‍റെ സ്വര്‍ഗാരോഹണത്തോളം
മാലോകരെ കരയിച്ച മറ്റൊരും ദുഃഖം കാണില്ല..

ഇവന്‍ ഇഹലോകജീവിതം അവസാനിപ്പിച്ചിരുന്നോ???
പിന്നെ ഗുരുവായൂരില്‍ ഞാന്‍ കണ്ടത്???
കിഴക്കേനടയില്‍ എന്‍റെ വിരല്‍തുമ്പു പിടിച്ചു നടന്നത്...
വടക്ക് കുളത്തില്‍ എന്‍റെ മേനിയില്‍ വെള്ളം തേവിയത്...
എന്‍റെ കൃഷ്ണാ നീ തന്നെ തീര്‍ത്ത്‌ തരൂ എന്‍റെ സംശയം...