Wednesday, November 30, 2011

നിന്നെ ഞാന്‍ അറിയുന്നു...

ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്ക്...
.
.

നിന്നെ ഞാന്‍ അറിയുന്നു...
--------------------------------------

നീ,
എന്‍റെ ഹൃദയമാണ്;
നീ
മൂര്‍ദ്ധാവില്‍ തന്ന ചുംബനങ്ങള്‍
എന്‍റെ മനസ്സിനെ നനച്ചിരുന്നു
വാത്സല്യത്തിന്‍റെ ഈര്‍പ്പം
നിറച്ചിരുന്നു
നീ കാതില്‍ ഇമ്പത്തിലോതിയ
താരാട്ടുപാട്ടുകള്‍ കേട്ടു ഞാനുറങ്ങി

നീ,
ഒരു തണല്‍വൃക്ഷമാണ്;
എന്‍റെ തളര്‍ച്ചയില്‍
നീ എനിക്ക് കുടയായി
ദശാസന്ധികളില്‍ ഞാന്‍
നിന്നിലഭയം തേടി
എന്‍റെ സുഖങ്ങളില്‍
നിന്നെ ഞാന്‍ ഓര്‍ത്തതേ ഇല്ല;
പക്ഷേ അഭായത്തിന്‍റെ തണല്‍ വിരിച്ച്
നീ എന്നെ നോറ്റിരുന്നു

നീ,
ഞാന്‍ എഴുതാന്‍ മറന്ന കവിതയാണ്;
നനയാന്‍ മറന്ന സ്നേഹമഴയാണ്;
ചൂടാന്‍ മറന്ന തുളസിക്കതിരാണ്;
കാണാന്‍ മറന്ന പകല്‍ക്കിനാവാണ്;
അജ്ഞതയാല്‍ തിരസ്കരിച്ച സ്വര്‍ഗ്ഗമാണ്;

അമ്മേ,
നീ പെയ്യാന്‍ വെമ്പും മഴമേഘമായ്
എന്നുള്ളില്‍ ഘനീഭവിച്ചു കിടക്കുന്നു.
നിന്‍റെ വിയര്‍പ്പുകൊണ്ടലക്കിയ
വസ്ത്രങ്ങളുടെ ശുഭ്രതയില്‍
ഞാന്‍ പാറിപ്പറന്നു.
നിന്‍റെയുള്ളിലെ നൊമ്പരങ്ങള്‍
നീ ചെറുപുഞ്ചിരിയാല്‍ മറച്ചു.

അമ്മേ,
നിന്നെ ഞാന്‍ അറിഞ്ഞതേ ഇല്ല.
നീ ടെലിപ്പതി ശീലിച്ചിരുന്നില്ല;
പക്ഷേ കാലത്തെ ചുടുകാപ്പിയായ്
തീന്‍മേശയിലെ ആവിപാറും ദോശയായ്‌
നീ എന്‍റെ മനസ്സു വായിച്ചു.
ഇന്ന് നീ കൊഴിഞ്ഞബാല്ല്യത്തിന്‍ സ്മാരകശിലയായ്‌
നഷ്ടബോധത്തിന്‍ മയില്‍പ്പീലിതുണ്ടായ്‌
മനസ്സിന്‍റെ താളില്‍ ഒളിച്ചിരിക്കുന്നു..

അമ്മേ,
ഇന്ന് സന്തോഷത്തിനായ്‌
ഞാനെന്‍റെ മനസ്സ് ചിക്കിചികയുന്നു;
നിന്‍റെ ചുംബനത്തിന്‍റെ നനവില്‍
ഞാനലിയുന്നു;
അമ്മേ,നിന്നെ ഞാന്‍ അറിയുന്നു;
ഞാന്‍ കണ്ണുനീരിനാല്‍,
നിന്‍റെ പാദങ്ങള്‍ കഴുകുന്നു..
ഒരു തുണ്ടു കടലാസ്സില്‍
നീയൊരു കവിതയായ്‌ വിരിയുന്നു;
അമ്മേ, നിന്നെ കുറിച്ചു ഞാന്‍
മുഗ്ദ്ധമായ്‌ പാടുന്നു..

2 comments:

  1. ഈ ഉണ്ണി എന്റെ ശ്യാം കുട്ടന്‍ ആണോ ?

    ReplyDelete
  2. ഇതിലെ 'ഞാന്‍' ഈ സാക്ഷാല്‍ ഞാന്‍ തന്നെയാ ചേച്ചീ...

    ReplyDelete