Friday, July 29, 2011

എന്‍റെ പ്രണയം

കവിതേ,
എന്നുടെ നന്മ തന്‍ സത്തയേ..
തീര്‍ത്ഥമായ് എന്‍റെ
ശംഖതില്‍ നിറയുക
ഭ്രാന്തിയായ് എന്‍റെ
ചിത്തില്‍ പുലമ്പുക
ലിഖിതമായെന്‍റെ
ഗ്രന്ഥം നിറയ്ക്കുക
പ്രണയമായെന്‍റെ
ഹൃത്തില്‍ തളിര്‍ക്കുക
ഗാനമായെന്‍റെ
ചുണ്ടില്‍ തുളുമ്പുക
ശോകമായെന്‍റെ
നെഞ്ചില്‍ വിതുമ്പുക
ആശയങ്ങളായ്
ചിന്തയില്‍ പൂക്കുക
വര്‍ഷബാഷ്പമായ്
പെയ്തു കുളിര്‍ക്കുക
മോദമായെന്നില്‍
നൃത്തം ചവിട്ടുക
കാവ്യലാവയായ്
എന്നിലേക്കൂറുക
മഞ്ഞുതുള്ളിപോലെ-
ന്നില്‍ പതിക്കുക
കൊടിയ വിഷമായി
തിന്മ തകര്‍ക്കുക
അമൃത കുംഭമായ്
നന്മയെ കാക്കുക
ദുരിതവേനലില്‍
പെരുമഴയാകുക
ദുഖവേളയില്‍
സാന്ത്വനം ചൊരിയുക
മണ്ണില്‍ ഉണ്മയാം
മുത്തിനെ പോറ്റുക
വിണ്ണില്‍ നന്മതന്‍
മേഘമായ് നീങ്ങുക
നദിയില്‍ ത്യാഗമാം
ഓളമായ് നീന്തുക
കരിവീരനായ്
ചിന്നം വിളിക്കുക
സിംഹരാജനായ്
അലറി വിളിക്കുക
വേഗനൌകയായ്‌
തിരയെ മുറിക്കുക
കാവ്യഗംഗയായ്
ജഡയില്‍ പതിക്കുക
ധര്‍മ്മനിഗ്രഹം
വാളായ് ചെറുക്കുക
കവിതേ, നീയെന്‍റെ
ചെപ്പില്‍ കരേറുക
ഇളം തെന്നലായ്
വീശിത്തിമര്‍ക്കുക
ഒടുവില്‍ നീറുന്നോ-
രെന്നുടെ ഹൃത്തിനെ
കത്തിയമരുന്നോ-
രരക്കിന്‍റെ ഗേഹത്തെ
കടും പുക വമിക്കുന്ന
എരിയുന്ന ചിത്തിനെ
കാലവര്‍ഷമായ്
ഇടവപ്പകുതിയായ്
മീനമാസത്തെ
വേനല്‍മഴയതായ്
പെയ്യുക...
നിറയുക...
കുളിര്‍പ്പിക്ക...
കവിതേ, പ്രിയ തോഴീ..
എന്‍റെ പ്രിയ സഖീ...
നീ എന്‍റെ കാമുകി,
നിത്യ പ്രണയിനി,
നിതാന്ത പ്രേയസി...

3 comments:

  1. nannayttund...
    ezhuth thudaru....
    aashamsakalode,

    ReplyDelete
  2. ഇനിയും എഴുതുക .. ആശംസകള്‍ .

    ReplyDelete
  3. IT'S MY FAVORITE POEM IN YOUR SOMANY POEMS....

    ReplyDelete